ആലപ്പുഴ: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളിൽ മലമ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. നാലുപേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും ആഫ്രിക്കയിൽ നിന്നെത്തിയ ഒരാൾക്കുമാണ് മലമ്പനി കണ്ടെത്തിയത്. ചിങ്ങോലി, ചേപ്പാട്, അരൂർ, വള്ളികുന്നം എന്നിവിടങ്ങളിൽ രോഗികളുമായി അടുത്ത സമ്പർക്കത്തിൽ വന്ന 48 പേരുടെ രക്തം പരിശോധിച്ചു. രോഗം സംശയിക്കുന്നവരും സംസ്ഥാനത്തിന്
പുറത്തുനിന്ന് വരുന്നവരും രക്തപരിശോധന നടത്തണമെന്ന് ജില്ലാമെഡിക്കൽ ആഫീസർ അറിയിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാആശുപത്രികൾ, പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്.
ചികിത്സിച്ചില്ലെങ്കിൽ മാരകമാകും
1. മലമ്പനിക്കുള്ള രക്തപരിശോധനയും മരുന്നും എല്ലാ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യമായി ലഭിക്കും. യഥാസമയം ചികിത്സ തേടുന്നത് രോഗം ഗുരുതരമാകുന്നതും പടരുന്നതും തടയും
2.അനോഫിലസ് പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒമ്പത് മുതൽ 14 ദിവസത്തിനകം മലമ്പനിയുടെ ലക്ഷണങ്ങൾ തുടങ്ങും.
3. ഇടവിട്ടുള്ള ശക്തിയായ പനി, വിറയൽ, പനി മാറുമ്പോഴുള്ള അമിതമായ വിയർപ്പ്, തലവേദന , ഛർദ്ദി, വയറിളക്കം എന്നിവയാണ് മലമ്പനിയുടെ പ്രധാനലക്ഷണങ്ങൾ.
പ്രതിരോധം പ്രധാനം
വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ അടച്ചുസൂക്ഷിക്കുക
വെള്ളക്കെട്ട് ഒഴിവാക്കണം
ജലശേഖരങ്ങളിൽ ഗപ്പി ഗമ്പൂസിയ പോലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കുക
ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
കൊതുക് വലയ്ക്കുള്ളിൽ കിടന്നുറങ്ങുക
എയർഹോളുകൾ, വാതിലുകൾ, ജനലുകൾ എന്നിവ നെറ്റടിച്ച് സുരക്ഷിതമാക്കണം