മാന്നാർ: ഇന്നലെ രാവിലെ മുതൽ നിലയ്ക്കാതെ പെയ്ത മഴയെതുടർന്ന് വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ 16,17 വാർഡുകളിൽ എട്ട് മരങ്ങൾ കടപുഴകി നിരവധി നാശനഷ്ടങ്ങളുണ്ടായി. മൂന്ന് വീടുകളും ഒരു ആട്ടോ മൊബൈൽ വർക്ക് ഷോപ്പും ഭാഗികമായി തകർന്നു. വൈകിട്ട് നാലുമണിയോടെയാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് മാന്നാറിൽ വീശിയടിച്ചത്. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിൽ മാന്നാർ ആലുംമൂട് ജംഗ്ഷന് തെക്ക് പതിനാറാം വാർഡിൽ റോഡരികിലെ തണൽ മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. തൊട്ടടുത്തുണ്ടായിരുന്ന വാമനന്റെ രേവതി വെജിറ്റബിൾസിന്റെ മേൽക്കൂരയുടെ ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചെങ്ങന്നൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനയും മാന്നാർ പൊലീസും നാട്ടുകാരും ചേർന്ന് ഒടിഞ്ഞു വീണ മരത്തിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്.
ആലുമ്മൂട് ജംഗ്ഷന് പടിഞ്ഞാറുവശം അർച്ചന നിവാസിൽ മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ള മോഹൻസ് ആട്ടോ മൊബൈൽസ് വർക്ക്ഷോപ്പിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ ഉയർന്നു പൊങ്ങി ഷീറ്റുകൾക്കും ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ പുരയിടത്തിലെ തേക്ക്, ആഞ്ഞിലി, മഹാഗണി തുടങ്ങിയ അഞ്ചോളം മരങ്ങൾ കടപുഴകി വീഴുകയും വീടിന്റെ മുകളിലെ ട്രസ്സ് വർക്കുകൾക്ക് നാശനഷ്ടങ്ങളും ഉണ്ടായി. ഇതിനോട് ചേർന്നുള്ള കൊച്ചുതറയിൽ അമ്മിണി, സോമൻ എന്നിവരുടെ വീടിനു മുകളിലേക്ക് വലിയ പുളിമരം വീണ് വീടുകൾക്ക് ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചു. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച സോമന്റെ വീടിന്റെ പാരപ്പെറ്റുകളും അമ്മിണിയുടെ വീടിന്റെ മേൽക്കൂരയും പൂർണ്ണമായും തകർന്നു.