അരൂർ: ശക്തമായ കാറ്റിലും മഴയിലും നാലു മരങ്ങൾ ഒരേ സമയം വീടിനു മുകളിലേക്ക് കടപുഴകി വീണു. ആളപായമില്ല.അരൂർ പഞ്ചായത്ത് മൂന്നാം വാർഡ് ഫിഷറീസ് സ്കൂളിന് സമീപം കൂമ്പേൽ അനിൽകുമാറിന്റെ പുതിയ വീടാണ് ഭാഗികമായി തകർന്നത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പള്ളിപ്പറമ്പിൽ ആൻറണിയുടെ പുരയിടത്തിൽ നിന്നിരുന്ന മഹാഗണി മരങ്ങളാണ് കാറ്റത്ത് കടപുഴകി അനിൽകുമാറിന്റെ വീട്ടിലേക്ക് വീണത്.മരങ്ങളോടൊപ്പം ലൈനിലെ കമ്പികളും പൊട്ടി വീണു. സംഭവസമയം വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.