photo

ചാരുംമൂട് :ശക്തമായ കാറ്റിൽ മേഖലയിൽ നാശനഷ്ടം. താമരക്കുളത്ത് തേക്കുമരങ്ങൾ കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വയോധികയടക്കം രണ്ടു സ്ത്രീകൾക്ക് പരിക്ക്. താമരക്കുളം പച്ചക്കാട് തുളസിഭവനം തുളസിയുടെ ഭാര്യ ലതാകുമാരി (43) ,ഭാര്യ മാതാവ് ജാനകി (74) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ലതാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുന്നിൽ നിന്നിരുന്ന രണ്ട് തേക്കു മരങ്ങളാണ് ശക്തമായ കാറ്റിൽ കടപുഴകി വീണത്. മരം വീണ് വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. വീട്ടുമുറ്റത്തുള്ള കിണറിന് മുകളിലേക്കും മരക്കൊമ്പ് വീണിട്ടുണ്ട്. പ്രദേശത്ത് മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ചാരുംമൂട്, താമരക്കുളം പ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി തടസപ്പെട്ടു. വൈകിട്ടുണ്ടായ കാറ്റിൽ കരിമുളയ്ക്കലിൽ മരം വീണ് കാറിന് കേടുപാടുണ്ടായി.