കുട്ടനാട് : യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട കമ്മൽ ഉടമയ്ക്ക് തിരികെ നൽകി ജലഗതാഗതവകുപ്പ് നെടുമുടി സ്റ്റേഷനിലെ ജീവനക്കാർ മാതൃകയായി. കുപ്പപ്പുറം ഉദിം ചുവട് വീട്ടിൽ സജീവിന്റെ ഭാര്യ മഞ്ചുവിനാണ് തന്റെ നഷ്ടപ്പെട്ട ഒന്നര ഗ്രാം വരുന്ന കമ്മൽ തിരികെ ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ നെടുമുടിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ എ 41ാം നമ്പർ സൂപ്പർ ഫാസ്റ്റ് ബോട്ടിൽ ഇവർ കുടുംബസമേതം പുഞ്ചിരി ജെട്ടിയിൽ നിന്ന് കയറി ആലപ്പുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ആലപ്പുഴയിലെത്തിയ ഇവർ പിന്നീട് മെഡിക്കൽ സ്റ്റോറിൽ കയറി മരുന്നുവാങ്ങുന്നതിനിടെയാണ് കാതിൽ കിടന്ന കമ്മൽ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ തന്നെ ഭർത്താവ് സജീവ് തന്റെ ഒരു സുഹൃത്ത് മുഖാന്തിരം ബോട്ട് മാസ്റ്ററായ ബെന്നിയെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, സഹപ്രവർത്തകരായ സ്രാങ്ക് അശോക് കുമാർ, ഡ്രൈവർ അൻസാരി, ലാസ്കർമാരായ പ്രസാദ്, രാകേഷ് എരമല്ലൂർ എന്നിവരുമായി ചേർന്നു തിരച്ചിൽ നടത്തുകയും ഇവരിരുന്ന സീറ്റിന് സമീപത്തു നിന്നും കമ്മൽ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് സ്റ്റേഷൻമാസ്റ്ററായ ഷെറഫുദ്ദിനെ ഏൽപ്പിച്ച കമ്മൽ ഇന്നലെ മഞ്ചു നെടുമുടിയിലെത്തി സ്റ്റേഷൻമാസ്റ്ററുടെ പക്കൽ നിന്ന് ഏറ്റുവാങ്ങി.