ambala

അമ്പലപ്പുഴ: രണ്ടു ദിവസമായി തുടരുന്ന മഴയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുത പോസ്റ്റ് മറിയുകയും, മരം ലൈനിൽ വീണ് വൈദ്യുതബന്ധവും നിലച്ചു. തകഴി, കരുമാടി, പുറക്കാട്, കഞ്ഞിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ത്ത പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ജനം ദുരിതത്തിലായി.ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു.പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് ആനന്ദേശ്വരംവേലിയാത്ത് കിഴക്കേതിൽ മോഹനന്റെ വീടിന്റെ മേൽക്കൂരയിൽ അയൽവീട്ടിൽ നിന്ന് ആഞ്ഞിലി വീണ് മേൽക്കൂര തകർന്നു.വീടിന്റെ പല ഭാഗങ്ങളിലും വിള്ളലുണ്ടായി. അയൽവീട്ടിലെ ആഞ്ഞിലി അപകടാവസ്ഥയിലാണെന്ന് പറഞ്ഞിട്ടും വീട്ടുകാർ വെട്ടിമാറ്റാതിരുന്നതിനാലാണ് അപകടം ഉണ്ടായതെന്ന് മോഹനൻ പറഞ്ഞു.ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. ശക്തമായ കാറ്റിലും മഴയിലും അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കാക്കാഴം പത്തിൽപ്പറമ്പിൽ ജമീലയുടെ വീടിനു മുകളിൽ പുളിമരം വീണ് മേൽക്കൂര തകർന്നു.ദേശീയപാത നിർമ്മാണം നടക്കുന്ന പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനാവാത്ത നിലയിൽ പൂഴിയും മലിനജലം കെട്ടിക്കിടക്കുന്നതും വ്യാപാരികളേയും, സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും ദുരിതത്തിലാക്കുന്നു.വൈദ്യുതബന്ധം പല ഭാഗങ്ങളിലും നിലശ്ചതിനാൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.