ചാരുംമൂട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി ദീപശിഖാ പ്രയാണവും അനുസ്മരണ സമ്മേളനവും നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 7 ന് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിൽ നിന്ന് മറിയാമ്മ ഉമ്മൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.ഹരി പ്രകാശിന് ദീപശിഖ കൈമാറും. ഇത് അന്ന് തന്നെ കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി ഓഫീസിൽ എത്തിക്കും. നാളെ രാവിലെ 8 ന് ദീപശിഖ കൈമാറി കൊടിക്കുന്നിൽ സുരേഷ് എം.പി ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. നൂറനാട് ബ്ലോക്ക് പരിധിയിലെ 10 മണ്ഡലം കമ്മിറ്റികളിലെ വിവിധ സ്ഥലങ്ങളിലെത്തിയ ശേഷം വൈകിട്ട് 6 ന് ദീപശിഖാ പ്രയാണം ചാരുംമൂട് ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് അനുസ്മരണ സമ്മേളനം. അവയവ ദാന സമ്മതപത്രം സമർപ്പിക്കുന്ന വ്യക്തികളേയും, ബ്ലഡ് ഡൊണേഷൻ ഫോറം അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.ഹരിപ്രകാശ്, സംഘാടക സമിതി കൺവീനർ റെനി തോമസ്, നേതാക്കളായ എസ്.സാദിഖ്, ഷാ പാറയിൽ, ഹബീബ് എന്നിവർ പങ്കെടുത്തു.