ചെന്നിത്തല : കാറ്റിലും മഴയിലും മരങ്ങൾ വീണുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുമ്പോൾ, തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ചെന്നിത്തല ഭാഗത്ത് അപകടാവസ്ഥയിലായ വൻമരങ്ങൾ നാട്ടുകാരെ ഭീതിയിലാക്കുന്നു. ചെന്നിത്തല നാലാംമൈൽ മുതൽ കാരാഴ്മ വരെ ഇരുപതോളം മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. മരങ്ങളുടെ പലഭാഗങ്ങളും കേടുവന്ന് ജീർണ്ണിച്ചിട്ടാണുള്ളത്. വഴിയരികിൽ തണൽ വിരിച്ച് നിൽക്കുന്ന വാക ഇനത്തിൽപെട്ട മരങ്ങളാണ് ഏറെയും. നാലാംമൈൽ ജംഗ്ഷൻ, കരിശുംമൂട്, മലങ്കര കാത്തലിക് ചർച്ചിന്(റീത്തുപള്ളി) മുൻവശം, പുത്തുവിളപ്പടി നവോദയ സ്‌കൂളിന് മുൻവശം, കല്ലുംമൂട്, കാരാഴ്മ ചന്ത, എന്നിവിടങ്ങളിലാണ് മരങ്ങൾ അപകടാവസ്ഥയിൽ നിലകൊള്ളുന്നത്.
മരങ്ങൾ പലതും റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്നതിനാൽ ചരക്ക് ലോറികളും ബസുകളുമൊക്കെ ഉരസി മരത്തിന്റെ ഒരു ഭാഗം മുറിഞ്ഞു കേടായ അവസ്ഥയിലാണ്. ജലജീവൻ പദ്ധതിയിൽ കുടിവെള്ള പൈപ്പിനായി റോഡിന്റെ വശങ്ങൾ കുഴിച്ചപ്പോൾ മരത്തിന്റെ ചുവട് ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ പറയുന്നു. ശക്തമായ കാറ്റും മഴയും വരുമ്പോൾ സമീപവാസികൾ ഏറെ ഭീതിയിലാണ് കഴിയുന്നത്.
പരാതി പരണത്ത്
1.ഏറെ ഗതാഗതത്തിരക്കുള്ള പാതയോരത്തെ അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റുന്നതിനു നടപടിയെടുക്കണമെന്നവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും പരാതികൾ ഏറെ നൽകിയിട്ടും അധികൃതർ മൗനം പാലിക്കുന്നു
2.നവോദയ സ്‌കൂൾ മുതൽ നാലാംമൈൽ വരെയുള്ള അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നമ്പർ പതിച്ചിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും മരം മുറി മാത്രം നടന്നിട്ടില്ലെന്ന് നാട്ടുകാർ
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് വിജിലൻസ് ഫോറം മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഓർഡറിന്മേൽ റവന്യൂ വിഭാഗമായ ആർ.ഡി.ഒയുടെ ഉത്തരവും, വില്ലേജ് ആഫീസറുടെ റിപ്പോർട്ടും ഉണ്ടായിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല
-ബി.ജയകുമാർ ഹ്യൂമൻ റൈറ്റ്സ് വിജിലൻസ് ഫോറം പ്രവർത്തകൻ