lalal

മുഹമ്മ: ശക്തമായ കാറ്റിലും മഴയിലും മുഹമ്മയിലും മണ്ണഞ്ചേരിയിലും മരങ്ങൾ വീണ് നിരവധി വീടുകൾ തകരുകയും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ പശു തൊഴുത്തും നശിച്ചു. നിരവധി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് കമ്പി പൊട്ടി . മുഹമ്മ പഞ്ചായത്ത് 11 -ാം വാർഡ് കരയോഗം ജംഗ്ഷന് സമീപം പട്ടാറ വെളി സുനിലിന്റെ വീടിനു മേലെ മരം വീണു.ബാത്ത് റൂം പൂർണമായും വീട് ഭാഗികമായും തകർന്നു.12 -ാം വാർഡ് പുല്ലൻപാറ സുരേഷിന്റെ ഓടുമേഞ്ഞ വീടിനുമേലും ഉണങ്ങിയ മരം വീണ് വീട് തകർന്നു. 9-ാം വാർഡ് മുക്കാൽ വെട്ടം ക്ഷേത്രത്തിനു സമീപത്തെ ചീരപ്പൻ ചിറ അനീഷിന്റെ പശുത്തൊഴുത്തിന് മേൽ പുളി മരം വീണ് തൊഴുത്ത് പൂർണ്ണമായും നിലം പൊത്തി.ഈ സമയം ഒരു കറവ പശുമാത്രമാണ് തൊഴുത്തിൽ ഉണ്ടായിരുന്നത്.പശുവിന്റെ കഴുത്തിൽ മേൽകൂരയുടെ ഇരുമ്പ് ദണ്ഡ് കുടുങ്ങി. പശുവിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട ഘട്ടത്തിലാണ് ചേർത്തല നിന്നും രണ്ടു യുണിറ്റ് അഗ്നി രക്ഷാ സേന എത്തി പശുവിനെ രക്ഷപ്പെടുത്തിയത്.മണ്ണഞ്ചേരി പഞ്ചായത്ത് 21 -ാം വാർഡ് തൈത്തറ വീട്ടിൽ ആനന്ദന്റെ വീടിനുമേലും മരം വീണ് വീട് ഭാഗികമായി തകർന്നു.