ആലപ്പുഴ: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നാശനഷ്ടങ്ങൾക്ക് കുറവില്ല. ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. പള്ളാത്തുരുത്തി പുത്തൻചിറ നിർമല ഹരിലാലിന്റെ വീടിന്റെ മേൽകൂര ഫാൻ ഉൾപ്പടെയാണ് പറന്നുപോയത്. ഇരുന്നൂറ് മീറ്റർ അകലെയുള്ള പനച്ചിത്തറ പി.കെ.മോഹനന്റെ വീട്ടുമുറ്റത്താണ് മേൽക്കൂര ചെന്നുപതിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതിനാൽ ചെങ്ങന്നൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മരംവീണും മേൽക്കൂര പറന്നും 108 വീടുകളാണ് തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി ഭാഗികമായി തകർന്നത്. ആർക്കും പരിക്കില്ല. വിവിധയിടങ്ങളിൽ മരംവീണ് വൈദ്യുതി ലൈനുകൾ വ്യാപമായി പൊട്ടിവീണു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ ദേശീയപാതയിലും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം മരം വീണ് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.എച്ച് വാർഡ് സ്വദേശി ഉനൈസ് അപകടനില തരണം ചെയ്തിട്ടില്ല.

ദുരിതാശ്വാസ

ക്യാമ്പുകൾ: 2

തിരുവൻവണ്ടൂർ ഗവ.എൽ.പി സ്‌കൂൾ,

ചെങ്ങന്നൂർ കിഴക്കേനട ഗവ.യു.പി.എസ്

കുടുംബങ്ങൾ: 5

ആളുകൾ: 14

ആകെ തകർന്ന

വീടുകൾ: 108

അമ്പലപ്പുഴ താലൂക്ക്: 35

മാവേലിക്കര : 27

കുട്ടനാട്:18

ചേർത്തല :16

കാർത്തികപ്പള്ളി :10

ചെങ്ങന്നൂർ: 2

കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻവെള്ളത്തിന്റെ വരവിൽ പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ അപകടനിലയ്ക്ക് മുകളിലെത്തിയിട്ടില്ല. കിടങ്ങറയിലും നീരേറ്റുപുരത്തും ജലനിരപ്പ് ഓറഞ്ച് ലെവലിലാണ്. പള്ളാത്തുരുത്തി, പാണാവള്ളി, നെടുമുടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, കരുമാടി മേഖലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് മഞ്ഞ ലെവലിലാണ്. എന്നാൽ,​ തലവടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൂന്തുരുത്തി, നാലാം വാർഡ് നെരവംതറ, 7-ാം വാർഡ് കുന്നുമ്മാടി - കുതിരച്ചാൽ, 10-ാം വാർഡ് മണലേൽ അംബേദ്കർ, 11-ാം വാർഡ് പുലിത്തട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളും മുങ്ങിയിട്ടുണ്ട്. മുട്ടാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും മുട്ടാർ റോഡും വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി. തലവടി, മുട്ടാർ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ നീണ്ടുനിന്നാൽ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിലാകും. കുന്നുമ്മാടി - കുതിരച്ചാൽ നിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമെന്നിരിക്കെ ഇവിടത്തെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും. മഴ നീണ്ടുനിന്നാൽ അപ്പർ കുട്ടനാട് മുങ്ങാനും സാദ്ധ്യതയുണ്ട്.

എൻ.ഡി.ആർ.എഫ് സംഘമെത്തി


അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു. കാരക്കോണത്ത് നിന്നുള്ള ഫോർത്ത് ബെറ്റാലിയൻ എൻ.ഡി.ആർ.എഫ് സംഘമാണെത്തിയത്. അടിയന്തര ഘട്ടത്തിൽ ദുരിത ബാധിത പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുക,​ ദുരിത ബാധിതർക്ക് സേവനം നൽകുക എന്നിവയാണ് സംഘത്തിന് ചുമതല. ജില്ല കളക്ടറുടെ മേൽനോട്ടത്തിലാണ് എൻ.ഡി.ആർ.എഫ് സംഘം സന്ദർശനം നടത്തുന്നത്. ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എസ്.ഐ വിശാലിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം നീരേറ്റുപുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസർ റെജി പോൾ, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.