മാന്നാർ: ബെംഗളൂരു അൾസൂരിൽ സ്ഥിതിചെയ്യുന്ന ശ്രീനാരായണ സമിതി ആസ്ഥാന സമുച്ചയ അങ്കണത്തിൽശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ മഹാകവി കുമാരനാശാന്, അദ്ദേഹത്തിന്റെ നൂറാമത് സ്മൃതി വാർഷികത്തോടനുബന്ധിച്ച് മാന്നാറിൽ നിർമ്മിച്ച മഹാകവി കുമാരനാശാന്റെ ശിൽപം അനാച്ഛാദനം ചെയ്തു. അനാച്ഛാദന കർമ്മം സമിതി പ്രസിഡന്റ് എൻ.രാജ്‌മോഹൻ ഓച്ചിറ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശ്രീനാരായണ സമിതി ആശാൻ പഠന കേന്ദ്രം ചെയർമാൻ വെണ്മണി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സമിതിപ്രസിഡന്റ് എൻ.രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ മാന്നാർ ആമുഖപ്രഭാഷണം നടത്തി. ബാംഗ്ലൂരിലെ പ്രശസ്ഥ സാഹിത്യകാരനായ സുധാകരൻ രാമന്തളി, ജെ.ഹരിദാസൻ എന്നിവർ മുഖ്യാതിഥികളായി. ആശാന്റെ ശിൽപം തയ്യാറാക്കിയ ശില്പി വിനോദ് കലാലയത്തെ ചടങ്ങിൽ ആദരിച്ചു.