ചേർത്തല: കർമ്മലീത്താസഭയുടെ നേതൃത്വത്തിലുള്ള ആനി ആൻഡ് ജോൺ അന്ത്രപ്പേർ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരുന്നാൾ ദിനത്തിൽ വിശക്കുന്നവർക്ക് സൗജന്യമായി ദിവസേന ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. തങ്കി ആൻ ആൻഡ് ജോൺ ഗാർഡൻസിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യപ്രഭാഷണം നടത്തി.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി ജോർജ്ജ്,കർമ്മലീത്താ സഭ ഇന്ത്യൻ ലാറ്റിൻ പൊവിൻഷ്യാൾ ഫാ.കുര്യാക്കോസ് ചന്ദനപറമ്പിൽ,മാനേജിംഗ് ട്രസ്റ്റി ഫാ.മാനുവൽ കരിപ്പോട്ട്,ഫാ.ജോസ് തോമസ്,ഫ്രാൻസിസ് പൊക്കത്തൈ എന്നിവർ സംസാരിച്ചു. പ്രാരംഭ ഘട്ടമായി ദിവസേന 25 പേർക്കാണ് ആസ്ഥാനമായ തങ്കിയിലെ ട്രസ്റ്റ് കേന്ദ്രത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും സൗജന്യ ട്യൂഷൻ പദ്ധതിയും നടപ്പാക്കും.നിർദ്ധനരായ രോഗികൾക്കു ചികിത്സാ സഹായം,യുവജനങ്ങൾക്കു ദിശാബോധം നൽകുന്ന പ്രവർത്തനങ്ങളുമടങ്ങുന്ന കർമ്മ പദ്ധതിയാണ് നടപ്പാക്കുന്നത്.പദ്ധതി ഘട്ടംഘട്ടമായി കൂടുതൽ പേരിലേക്കെത്തിക്കും.