ആലപ്പുഴ: വിദ്യാർത്ഥികളിലെ കായിക ക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി ആലപ്പുഴ നഗരസഭ 2018ൽ ആര്യാട് ഗവ. സ്കൂളിൽ ആവിഷ്ക്കരിച്ച ഫിറ്റ്നെസ് സെന്റർ തുരുമ്പെടുത്ത് നശിക്കുന്നു. അമ്പത് ലക്ഷം രൂപ ചെലവാക്കി ആവിഷ്ക്കരിച്ച പദ്ധതി കേവലം ഒരു അദ്ധ്യയന വർഷമാണ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടത്. രണ്ടാം വർഷം ജിം ട്രെയിനറില്ലാത്തതിന്റെ പേരിൽ പരിശീലനം മുടങ്ങി. ഇവിടെ അടിസ്ഥാന പരിശീലനം നടത്തിയ ദേശീയ തലത്തിൽ വരെ കായിക ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളുണ്ട്. 2020ൽ കെട്ടിടത്തിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ഇന്നും അതിന് പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. അര്യാട് ഗവ. സ്കൂളിലെ ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഫിറ്റ്നെസ് സെന്റർ ആരംഭിച്ചത്. ഒരേ കോമ്പൗണ്ടിൽ എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ, ബി.എഡ് കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി ഉപകരണങ്ങൾ കട്ടപ്പുറത്താണ്.
.......
വൻ തുക വേണ്ടി വരും
പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നഗരസഭാ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ കെട്ടിടവും ഉപകരണവും നശിച്ചതിനാൽ പദ്ധതി പഴയപടിയാകാൻ വലിയ തുക വേണ്ടി വരും. നിലവിലെ നഗരസഭാ ബഡ്ജറ്റിൽ ഇങ്ങനൊരു പദ്ധതി ഉൾപ്പെട്ടിട്ടുമില്ല.
....
''ധാരാളം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുമെന്ന ധാരണയിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ്. ഇവിടെ അടിസ്ഥാന പരിശീലനം നടത്തി ദേശീയ തലത്തിൽ വരെ കുട്ടികളെത്തിയിരുന്നു.
സ്കൂൾ അധികൃതർ