photo

ചേർത്തല:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി താലൂക്കിൽ തോരാതെപെയ്യുന്ന മഴയിലും കാറ്റിലും മരംവീണു 27 വീടുകൾ ഭാഗികമായി തകർന്നു.അപകടങ്ങളിൽ വയലാർ,അരൂക്കുറ്റി,കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി മൂന്നുപേർക്കു നിസാര പരിക്കേറ്റിട്ടുണ്ട്.തോരാമഴയിൽ വിവിധ പഞ്ചായത്തുകളിലായി 3000ത്തോളം വീടുകൾ വെള്ളക്കെട്ടു ഭീഷണിയിലായി.വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.ഒറ്റമശേരിയിലും അർത്തുങ്കലിലും കടലേറ്റവും ഭീഷണിയുയർത്തുന്നുണ്ട്. അരൂർ, പാണാവള്ളി, എഴുപുന്ന, മാരാരിക്കുളം വടക്ക്, അരൂക്കുറ്റി,വയലാർ,പട്ടണക്കാട്,കോടംതുരുത്ത്,ചേർത്തലതെക്ക്,തണ്ണീർമുക്കം,ചേർത്തല വടക്ക് തുടങ്ങിയ വില്ലേജുകളിലായാണ് വീടുകൾ തകർന്നത്.തകർന്ന വീടുകൾ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു.വിവിധയിടങ്ങളിൽ വ്യാപകമായി ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നതു മൂലം വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടിട്ടുണ്ട്.രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.