ആലപ്പുഴ: ജില്ലയിലെ ആദ്യകാല അഞ്ചൽ ഓഫീസുകളിലൊന്നായ നഗരത്തിലെ ബസാർ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. ജനപ്രതിനിധികൾ ഇടപെടണമെന്നതാണ് അവരുടെ ആവശ്യം. കെട്ടിടവാടസംബന്ധിച്ച ചില പ്രശ്നങ്ങൾ കാരണം
കഴിഞ്ഞ അഞ്ച് വർഷമായി ബസാർ പോസ്റ്റ് ഓഫീസ്, ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനുള്ളിലാണ് പ്രവർത്തിക്കുന്നത്. ഒരു പോസ്റ്റ് ഓഫീസിനുള്ളിൽ രണ്ടെണ്ണം പ്രവർത്തിക്കേണ്ടതില്ലെന്ന കാരണത്താലാണ് ബസാർ പോസ്റ്റ് ഓഫീസിന് പൂട്ടിടാനൊരുങ്ങുന്നത്. നിർത്തലാക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്. അതേസമയം,
ബസാർ പോസ്റ്റ് ഓഫീസിന് സ്ഥലം കണ്ടെത്തുകയും ഏഴായിരം രൂപ മാസവാടകയും തീരുമാനിച്ചിരുന്നതാണെന്നും ഇത് നടപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും കാലതാമസവുമാണ് പോസ്റ്റ് ഓഫീസ് ഇല്ലാതാകാൻ കാരണമെന്നും ആക്ഷേപമുണ്ട്.
നോൺ ഡെലിവറി ഓഫീസുകളായ പല തപാൽ ഓഫീസുകൾ നഗരത്തിലുള്ളപ്പോഴാണ് ആറ് വാർഡുകളും, സർക്കാർ - സ്വകാര്യ മേഖലയിൽ നൂറിലധികം സ്ഥാപനങ്ങളും പരിധിയിൽ വരുന്ന ജോലിത്തിരക്കുള്ള ബസാർ ഓഫീസിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്.
ജനപ്രതിനിധികൾ ഇടപെടണം
1.ഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മ 1852ൽ തുറന്ന അഞ്ചൽ ഓഫീസാണ് ബസാർ. പോസ്റ്റോഫീസിന് മുന്നിലുണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അഞ്ചൽ പെട്ടി അടുത്ത കാലത്താണ് പോസ്റ്റൽസൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാറ്റിസ്ഥാപിച്ചത്
2. മുപ്പാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാറ്റിയതോടെ തീരദേശവാസികൾ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്
3. തപാൽ ഉരുപ്പിടികൾ വാങ്ങാൻ ഓട്ടോക്കൂലി ഇനത്തിൽ വലിയ തുക പലപ്പോഴും ചെലവിടേണ്ടി വരുന്നു. ബസാർ ഓഫീസിനെ ആശ്രയിച്ച് നടത്തുന്ന റെക്കറിംഗ് ഡെപ്പോസിറ്റ് (ആർ.ഡി) സ്കീമുകളെ ഓഫീസ് മാറ്റം ബാധിക്കുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്
ജീവനക്കാർ
സബ് പോസ്റ്റ് മാസ്റ്റർ: 1
ഡിപ്പാർട്ട്മെന്റൽ പോസ്റ്റ് മാൻ: 3
മെയിൽ പായ്ക്കർ: 1
സ്വീപ്പർ: 1
തീരദേശത്തിന്റെ ആശ്രയം
ആലപ്പുഴ പൊലീസ് സൂപ്രണ്ട് കാര്യാലയം, ബിഷപ് ഹൗസ്, റെയിൽവേ സ്റ്റേഷൻ, വനിതാ ശിശു ആശുപുത്രി, ഹോമിയോ ആശുപത്രി, പോർട്ട് ഓഫീസ്, വിജയ് പാർക്ക്, ജില്ലാ ജയിൽ, പെൻഷൻ ട്രഷറി ഓഫീസ്, പൊലീസ് എ.ആർ ക്യാമ്പ്, പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, റെയിൽവേ ക്വാർട്ടേഴ്സ്, ആലപ്പുഴ എം.എൽ.എയുടെ വീട്, ആരാധാനാലയങ്ങൾ എന്നിവർക്ക് സൗകര്യ പ്രദമായ ബസാർ തപാൽ ഓഫീസാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.
രജിസ്റ്റേർഡ് തപാൽ വരുമ്പോൾ വീട്ടിലില്ലെങ്കിൽ നൂറ് രൂപയിലധികം മുടക്കിയാണ് ഓട്ടോറിക്ഷ വിളിച്ച് തപാൽ ഓഫീസിലെത്തുന്നത്. തീരദേശത്ത് ഓഫീസ് പുനഃസ്ഥാപിക്കുന്നതിന് പകരം ഇല്ലായ്മ ചെയ്യുന്നത് അംഗീകരിക്കാനാവില്ല
- പ്രദേശവാസികൾ