എടത്വാ: കോരിചൊരിയുന്ന മഴയിലും ജലോത്സവ പ്രേമികളുടെ ആവേശം ചോരാതെ ആർപ്പു വിളികളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ തലവടി ചുണ്ടൻ നീരണിഞ്ഞു. ചുണ്ടൻ വള്ളത്തിന്റെ ശിൽപ്പി സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നീരണിയൽ ചടങ്ങ് നടന്നത്. മരങ്ങാട്ടില്ലം ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഫോമം നടന്നു. തലവടി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ.ജോൺ പടിപ്പുര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തലവടി ഗണപതി ക്ഷേത്ര കടവിലും, തിരു പനയനൂർകാവ് ദേവി ക്ഷേത്ര കടവിലും യാത്രയയപ്പ് നൽകി. എടത്വാ സെന്റ് ജോർജ്ജ് ഫെറോന പള്ളി, തലവടി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി, ചക്കുളത്ത്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ വള്ളത്തിന്റെ കൂമ്പെത്തിച്ച് പ്രത്യേക പ്രാർത്ഥന നടത്തി. നീരണിയിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന യോഗം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി.ബി.നായർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.
കൈനകരി യു.ബി.സി ടീമാണ് തലവടി ചുണ്ടനിൽ ഇത്തവണ തുഴയെറിയുന്നത്. പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ്ങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാർ പുത്തൻപറമ്പിൽ എന്നിവർ ടി.ടി.ബി.സി ക്ലബ് ജനറൽ സെക്രട്ടറി റിക്‌സൺ എടത്തിൽ, വൈസ് പ്രസിഡന്റ് കെ.ആർ.ഗോപകുമാർ, ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.
തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്‌സിക്യൂട്ടിവ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് പ്രിൻസ് പീറ്റർ പാലത്തിങ്കൽ, അജിത്ത് പിഷാരത്ത്, ജോജി.ജെ.വയലപ്പള്ളി, പി.ഡി.രമേശ്കുമാർ, ഡോ.ജോൺസൺ.വി.ഇടിക്കുള, അനിൽകുമാർ കുന്നംപള്ളിൽ, തോമസ്‌കുട്ടി ചാലുങ്കൽ, ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ പ്രതിനിധി സിബി ജോർജ് എന്നിവർ സംസാരിച്ചു.