ആലപ്പുഴ: രണ്ട് രാപകലുകൾ നാടും കുടുംബവും ഒന്നാകെ പ്രാർത്ഥനയിലായിരുന്നു. പക്ഷെ, എല്ലാ പ്രതീക്ഷകളെയും വെറുതെയാക്കി ഇന്നലെ രാവിലെ ഉനൈസ് വിടപറഞ്ഞു. മഴക്കാലത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയിട്ടും, ഉനൈസിന്റെ ജീവൻ കവരാനായി ഒരു പാഴ്മരം അവിടെ അവശേഷിച്ചുനിന്നു. തിങ്കളാഴ്ച്ച രാവിലെ 11.15ന് മരം ദേഹത്ത് വീണ് പരിക്കേറ്റ നിമിഷം മുതൽ പവർ ഹൗസ് വാർഡ് സിയാ മൻസിലിൽ ഉനൈസ് ഉബൈദ് (28) അബോധാവസ്ഥയിലായിരുന്നു. ജീവൻ രക്ഷിക്കാൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റാൻ നാട് ഒന്നാകെ തയ്യാറായി നിന്നിട്ടും, ഒന്നനക്കാൻ പോലും സാധിക്കാത്ത വിധം അതീവ ഗുരുതരമായിരുന്നു ഉനൈസിന്റെ സ്ഥിതി. നില കൂടുതൽ വഷളായി ഇന്നലെ രാവിലെ 8 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ചികിത്സയിലിരിക്കുന്ന ഭാര്യ അലീഷയ്ക്ക് (25) ഉനൈസിനെ കാണാൻ അവസരം നൽകിയിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് 2.30 ഓടെ ഉനൈസിന്റെ ശരീരം വീട്ടിലെത്തിച്ചു. ആദ്യം വീടിന് സമീപത്തെ ട്യുഷൻ സെന്റർ കെട്ടിടത്തിലും, തുടർന്ന് വീട്ടുമുറ്റത്തും പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി നേരാനെത്തിയത്.
സ്വന്തമായൊരു വീട് ഉനൈസിന്റെ സ്വപ്നമായിരുന്നു. നാട്ടിലെ വെൽഡിംഗ് ജോലി കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന കണക്കുകൂട്ടലിലാണ് വിദേശ ജോലി സ്വപ്നം കണ്ടത്. അറിയുന്ന ട്രേഡിൽ തന്നെ ജോലി ശരിയായി. അടുത്ത ദിവസം ഫ്ലൈറ്റ് ടിക്കറ്റ് എത്തുമെന്ന കാത്തിരിപ്പിലായിരുന്നു. ഇതിനുള്ള പേപ്പർ ശരിയാക്കാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ഉനൈസിന്റെ പിതാവ് ഉബൈദ് വഴിയോര കച്ചവടം നടത്തുകയാണ്. കഴിഞ്ഞ ദിവസം വൈദ്യുതി ബിൽ കുടിശ്ശികയുടെ പേരിൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ട വാടക വീട്ടിൽ എം.എൽ.എ ഇടപെട്ടാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. വീട്ടിലെത്തിച്ച ഉബൈദിന്റെ ചലനമറ്റ ശരീരം കാണാനുള്ള ശേഷി ഭാര്യ അലീഷയ്ക്കുണ്ടായിരുന്നില്ല. ഉമ്മ ഷബീതയും അമ്മുമ്മയും ഉനൈസിന്റെ നാലുവയസ്സുകാരൻ മകൻ ഇഹാനും, കൂടി നിന്നവർക്ക് നൊമ്പരക്കാഴ്ച്ചയായി.