ആലപ്പുഴ: തമിഴ് നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ യുവാവ് മനസികാസ്വാസ്ഥ്യത്തെ തുടർന്ന് പാമ്പായാറ്റിലേക്ക് എടുത്തുചാടി. തിരുനെൽവേലി സ്വദേശി വന്യദാസാണ്( 33) ചാടിയത്. ഒഴുക്കിൽപ്പെട്ട യുവാവിനെ ചെറിയ പാലക്കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർ റെസ്ക്യു ഓഫീസർ എബ്രഹാം റിനു വർഗീസ് ആറ്റിലേക്ക് ചാടി അതിസാഹസികമായി രക്ഷിച്ചു. ഫയർ റെസ്ക്യു ഓഫീസർ വിനീതിന്റെയും മറ്റ് അയ്യപ്പന്മാരുടെയും സഹായത്തോടെ യുവാവിനെ കരയ്ക്ക് കയറ്റി. നിലയത്തിൽ അറിയിച്ചതിനെ തുടർന്ന് ഇയാളെ ഫയർ ഫോഴ്സിന്റെ ആംബുലൻസിൽ പമ്പ ആശുപത്രിയിൽ എത്തിച്ചു.