ആലപ്പുഴ: ബസ് സർവീസ് കാര്യക്ഷമമാക്കാനും യാത്രാ ക്ലേശം പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനകീയ സദസുകൾ ആരംഭിക്കുന്നു. പല ജില്ലകളിലും കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ കാര്യക്ഷമമായി സർവീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകൾ പൊതുജനങ്ങൾ അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സദസുകൾ സംഘടിപ്പിച്ച് റിപ്പോർട്ട് നൽകാൻ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് നിർദേശം ലഭിച്ചത്.എം.എൽ.എമാർ, പഞ്ചായത്ത്, മുൻസിപ്പാലിറ്റി പ്രതിനിധികൾ, പൊതുപ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ജനകീയ സദസ് നടത്തുന്നത്. ജില്ലയിലെ ആദ്യ സദസ് 22ന് രാവിലെ 11ന് ആലപ്പുഴ കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ ഭവനിൽ എച്ച്. സലാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരും.