ആലപ്പുഴ : നെഹ്റുട്രോഫി ജലമേളയുടെ ഭാഗമായുള്ളകലാ പരിപാടികൾ അരങ്ങേറേണ്ട നഗരചത്വര പരിസരം മാലിന്യ ചാക്കുകൾ നിറഞ്ഞു കിടക്കുന്നു. ഈ മാസം അവസാനത്തോടെ മാലിന്യം നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ക്ലീൻ കേരള അടക്കമുള്ള കമ്പനികൾക്ക് കയറ്റി അയക്കുന്ന വേ‌ർതിരിച്ച മാലിന്യത്തിന്റെ തോത് വർദ്ധിപ്പിച്ചാൽ മാത്രമേ, ചത്വരവും, ടൗൺഹാളും ഉൾപ്പടെ വിവിധ ഇടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യമല ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. നഗരചത്വരം, നഗരസഭാ ടൗൺഹാൾ, പഞ്ചകർമ്മ ആശുപത്രി കെട്ടിടം, ആധുനിക അറവുശാല കെട്ടിടം തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി അഞ്ഞൂറ് ടണ്ണോളം മാലിന്യം കെട്ടിക്കിടക്കുന്നതായാണ് അനൗദ്യോഗിക വിവരം. മുമ്പ് പ്രതിമാസം 75 ടൺ മാലിന്യം കയറിപ്പോയിരുന്ന സ്ഥാനത്ത് നിലവിൽ അതിന്റെ പകുതിപോലും കയറിപ്പോകുന്നില്ലെന്ന് ആക്ഷേപമുണ്ട്. 52 വാർഡുകളിലെ മാലിന്യം ശേഖരിച്ച് വേർതിരിച്ച് കയറ്റി അയക്കുന്നതിന് 135 ഓളം ഹരിതകർമ്മ സേനാ പ്രവർത്തകരാണ് ജോലി ചെയ്യുന്നത്.

കിടക്കുന്നത് നൂറുകണക്കിന് ചാക്കുകെട്ടുകൾ

1.നഗരചത്വരത്തിലെ മിനി ഓഡിറ്റോറിയത്തിലാണ് നോർത്ത് ഹെൽത്ത് സർക്കിളിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എത്തിക്കുന്നത്. ഇവിടെയാണ് ഹരിത കർമ്മസേനാംഗങ്ങൾ മാലിന്യം വേർതിരിക്കുന്നത്

2.ശേഖരിക്കപ്പെടുന്നതിന് അനുസൃതമായി മാലിന്യം കയറ്റുമതി ചെയ്യപ്പെടാത്തതിനാൽ, നൂറുകണക്കിന് ചാക്കുകെട്ടുകൾ മല പോലെയാണ് പ്രദേശത്ത് കൂടിക്കിടക്കുന്നത്

3.നഗരത്തിന്റെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലയ്ക്ക് വിഭാവനം ചെയ്ത കേന്ദ്രമാണ് നഗരചത്വരം. ഇവിടം മാലിന്യ ശേഖരണത്തിന് ഉപയോഗിക്കുന്നതിൽ ജനങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്

4.മാലിന്യം സൂക്ഷിക്കുന്നതിന് സ്ഥിരം സംവിധാനമെന്ന നിലയ്ക്ക് പുതിയ ഗോഡൗൺ അന്വേഷിക്കുന്നുണ്ട്. മട്ടാഞ്ചേരി പാലത്തിന് സമീപം കണ്ടെത്തിയ കെട്ടിടത്തിന്റെ ഉടമയുമായി ധാരണയായാൽ നഗരചത്വരത്തിന് മോചനം ലഭിക്കും.

75ടൺ: മുമ്പ് പ്രതിമാസം കയറിപ്പോയിരുന്ന മാലിന്യം

ജലമേളയുടെ കലാപരിപാടികൾക്ക് മുമ്പായി ചത്വരത്തിലെ മുഴുവൻ മാലിന്യങ്ങളും പുതിയ ഗോഡൗണിലേക്ക് മാറ്റും

- ഹരിതകർമ്മ സേനാംഗങ്ങൾ