ആലപ്പുഴ : മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെ ഉച്ചവരെ മഴ മാറിനിന്നെങ്കിലും വൈകിട്ടോടെ ജില്ലയുടെ പലഭാഗങ്ങളിലും അതിശക്തമായ മഴയും കാറ്റും ഉണ്ടായി.
മലയോരമേഖലയിൽ മഴതുടരുന്നതിനാൽ പമ്പാ നദിയിൽ ഒഴുക്ക് ശക്തമായതോടെ കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ജലനിരപ്പുയർന്നു. മുട്ടാർ, രാമങ്കരി, നിരണം, തലവടി, എടത്വാ, കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, കൈനകരി, ചെറുതന, വീയപുരം, പള്ളിപ്പാട്, പുറക്കാട്, തൃക്കുന്നപ്പുഴ, കരുവാറ്റയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയർന്നത്.
അപ്പർ കുട്ടനാട്ടിലെ നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി.
തലവടി, മുട്ടാർ പഞ്ചായത്തുകളിലെ 250ൽ അധികം വീടുകളിൽ വെള്ളത്തിലാണ്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാഹനങ്ങൾ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് പ്രദേശവാസികൾ. തോട്ടപ്പള്ളി പൊഴിമുഖത്തിലൂടെയും കായംകുളം മത്സ്യബന്ധന തുറമുഖം, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങൾ വഴിയും കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുകുന്നത് ആശ്വാസം നൽകുന്നുണ്ട്.
റോഡുകൾ മുങ്ങി
തായങ്കരി -കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പിൽ മുട്ട് ഭാഗത്തും നീരേറ്റുപുറം - കിടങ്ങറ റോഡിൽ മുട്ടാർ ജംഗ്ഷന് സമീപത്തും വെള്ളം കയറി
തായങ്കരി -കൊടുപ്പുന്ന റോഡ് വഴിയുള്ള ബസ് സർവീസ് കെ.എസ്.ആർ.ടി.സി നിർത്തിവച്ചു
4വീടുകൾ തകർന്നു
ജില്ലയിൽ ഇന്നലെ നാല് വീടുകൾ പൂർണ്ണമായും 62 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 49കുടുംബങ്ങളിലെ 210പേരെ മാറ്റിപാർപ്പിച്ചു.ജില്ലയിൽ ഇന്നലെവരെ 174 വീടുകളാണ് തകർന്നത്. ആലപ്പുഴ നഗരത്തിൽ കൊറ്റംകുളങ്ങരയിൽ മരം കടപുഴകി വീണ് ആലപ്പുഴ-മുഹമ്മ റോഡിൽ അരമണിക്കൂർ ഗതാഗത തടസം ഉണ്ടായി. ജില്ലയിലാകെ വ്യാപകമായ കരകൃഷി നാശവുമുണ്ടായി. മരങ്ങളും മരക്കൊമ്പുകളും വീണ് പലസ്ഥലങ്ങളിലും ഗതാഗതവും വൈദ്യുതിവിതരണവും തടസപ്പെട്ടു.