ആലപ്പുഴ: കുട്ടനാട്ടിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താനും മഴക്കെടുതി നേരിടാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാനും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തുടർച്ചയായുള്ള മഴയുംകിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവും കാരണം കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.വെള്ളപ്പൊക്കം മൂലം ഉണ്ടായേക്കാവുന്ന അടിയന്തരാവസ്ഥ നേരിടാൻ എല്ലാവിധ മുന്നൊരുക്കങ്ങളും ക്രമീകരിക്കണമെന്ന് തഹസിൽദാരോട് ആവശ്യപ്പെട്ടു. പ്രളയം വന്നശേഷം മുന്നൊരുക്കം നടത്തുന്നതിന് പകരം പ്രളയത്തിനു മുന്നോടിയായി തന്നെ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും എടുക്കണമെന്ന് യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. തോട്ടപ്പള്ളി സ്പിൽവേ,തണ്ണീർമുക്കം ബണ്ട് എന്നിവ പൂർണതോതിൽ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.