അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര പെട്രോൾ പമ്പിന് പടിഞ്ഞാറ് ഭാഗത്തെ 15 ഓളം കുടുംബങ്ങൾ വെള്ളക്കെട്ട് കാരണം മാസങ്ങളായി ദുരിതത്തിൽ. കഴിഞ്ഞ കുറേ വർഷങ്ങളായി ചെറു മഴയിൽപ്പോലും അരക്കൊപ്പം വെള്ളമാണ് ഈ പ്രദേശത്ത് വന്നുനിറയുന്നത്. ഓടയില്ലാത്തതിനാൽ വെള്ളമൊഴുകിപ്പോകാൻ നിവൃത്തിയില്ലാത്തതാണ് കാരണം.
വെള്ളക്കെട്ട് കാരമം വീടുകളിൽ ഭക്ഷണം പാചകം ചെയ്യാനോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ കഴിയാതെ അവസ്ഥയാണ്. വിദ്യാർത്ഥികൾ മുട്ടറ്റം വെള്ളത്തിൽ നീന്തിയാണ് സ്കൂളുകളിൽ പോകുന്നതും വരുന്നതും. ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകി പകർച്ചവ്യാധികൾ പടരുമോയെന്ന ആശങ്കയുണ്ട്. എന്നിട്ടും ആരോഗ്യ വകുപ്പ് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
സമീപത്തെ മത്സ്യമാർക്കറ്റിൽ നിന്നുള്ള മലിനജലവും ഇവിടെ എത്തുന്നതിലൂടെ അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
പഞ്ചായത്ത് ഇടപെട്ട് ഫയർഫോഴ്‌സിനെക്കൊണ്ട് വെള്ളം പമ്പ് ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണം
- വി.ഉത്തമൻ അമ്പലപ്പുഴ, വൈസ് പ്രസിഡന്റ്, റസി.അസോ.