ആലപ്പുഴ: മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ആറാമത്കോടി അർച്ചന 21 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. കേരളത്തിൽ ഇതാദ്യമാണ് തുടർച്ചയായി 6 കോടി അർച്ചനകൾ ഒരു ക്ഷേത്രത്തിൽ നടക്കുന്നത്. തന്ത്രിമുഖ്യൻമാരായ പുതുമനഇല്ലം മധുസൂദനൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കോടി അർച്ചന മഹായജ്ഞം . കർക്കടകം 6 മുതൽ കർക്കടകം 32 വരെ അമ്പതിലധികം ബ്രാഹ്മണ പുരോഹിതന്മാർ ദിവസവും രാവിലെ ആറ് മുതൽ വൈകിട്ട് 7.30 വരെ 27 ദിവസം നീണ്ടുനിൽക്കുന്ന യജ്ഞത്തിൽ സംബന്ധിക്കും. ശ്രീ ലളിതാസഹസ്രനാമാർച്ചന ചെയ്തുകൊണ്ടാണ് യജ്ഞസമർപ്പണം. നിത്യേന നടക്കുന്ന അർച്ചനാകർമ്മങ്ങൾക്ക് ഹരി വാദ്യാർ നേതൃത്വം നൽകും. കോടി അർച്ചനയോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ അഞ്ചിനും വൈകിട്ട് 6.30 നും വേദപാരായണം വൈകിട്ട് 7.30 മുതൽ 8.30 വരെ ആദ്ധ്യാത്മിക പ്രഭാഷണം, കലാസമർപ്പണം, കലാകാരന്മാരുടെ അരങ്ങേറ്റം, വിവിധ ആധ്യാത്മികഗ്രൂപ്പുകൾ നടത്തുന്ന നാരായണീയ ദേവിമാഹാത്മ്യ പാരായണങ്ങൾ, പ്രത്യേകദിവസങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകളുടെ വിളക്ക് പൂജ, പ്രധാനദിവസങ്ങളിൽ അന്നദാനം എന്നിവ കോടി അർച്ചനയുടെ പ്രത്യേകതകളാണ്. എല്ലാ ദിവസവും വെകിട്ട് ചുറ്റുവിളക്കുകൾ തെളിച്ച് ദീപാരാധന നടക്കും. കോടി അർച്ചന സമാപന ദിവസമായ ആഗസ്റ്റ് 16 ന് കോടി അർച്ചനയ്ക്കുശേഷം ഗജവീരന്മാരുടെ അകമ്പടിയോടെ നിറച്ചകലശം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണം ചെയ്ത് ദേവിക്ക് അഭിഷേകം നടത്തും. വൈകിട്ട് ദീപാരാധനയോടനുബന്ധിച്ച് ലക്ഷദീപം തെളിക്കും. ക്ഷേത്രം, പരിസരം ക്ഷേത്രത്തിന് സമീപമുള്ള വ്യാപാരശാലകൾ,ഭവനങ്ങൾ എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കും. കോടി അർച്ചന നടക്കുന്ന 27 ദിവസങ്ങളിൽ കേരളത്തിലെ ആദ്ധ്യാത്മിക-സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക-സാഹിത്യ-കലാ രംഗത്തെ പ്രമുഖർ വിശിഷ്ട അതിഥികളായി ക്ഷേത്രദർശനം നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ആർ.കൃഷ്ണൻ,എ.മണി,ജി.വിനോദ് കുമാർ,പത്മകുമാർ,പി.വെങ്കിട്ടരാമയ്യർ,
ജി.മണി എന്നിവർ അറിയിച്ചു.