ഹരിപ്പാട് : കടലാക്രമണദുരിതം ഏറെ അനുഭവപ്പെടുന്ന ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷനിൽ തീരം സംരക്ഷിക്കാൻ ജിയോ ബാഗിൽ മണ്ണ് നിറച്ച് താൽക്കാലിക സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. എം.ഇ.എസ്. ബിൽഡിങ്ങിന് പടിഞ്ഞാറ് മുതൽ വടക്കോട്ട് പടിഞ്ഞാറേ ജുമാ മസ്ജിദിന് വടക്ക് ഭാഗം വരെ 250 മീറ്റർ നീളത്തിലാണ് ജിയോ ബാഗ് നിരത്തി താൽക്കാലിക ഭിത്തി നിർമ്മിക്കുന്നത്.
ഇവിടെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കടൽഭിത്തി കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതിനാൽ മണ്ണിനടിയിലായിരുന്നു. ഇതോടെ ചെറുതായൊന്ന് കടലിളകിയാൽ വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡും കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകും. ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലായിരുന്നു ഇവിടെ തീരദേശ റോഡ്. ജിയോ ബാഗ് നിരത്തിയതോടെ പ്രശ്നത്തിന് താൽക്കാലിക ആശ്വാസമാകും.
ആദ്യനിരയിൽ കരിങ്കല്ല്, പിന്നിൽ ജിയോബാഗ്
1.പഴയ കടൽഭിത്തിയുടെ ഭാഗമായതും മണ്ണിൽ താഴ്ന്നുപോയതുമായ കരിങ്കല്ലുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുറത്തെടുത്തു
2.ഈ കല്ലുകൾ നിരത്തി വെച്ചതിന് ശേഷം അവയ്ക്ക് കിഴക്ക് ഭാഗത്തായാണ് ജിയോ ബാഗ് ഉപയോഗിച്ചുള്ള ഭിത്തി നിർമ്മിക്കുന്നത്
3. കരിങ്കൽ മുൻഭാഗത്ത് നിരത്തുന്നതിലൂടെ,ജിയോ ബാഗിലേക്ക് നേരിട്ട് കടൽ അടിക്കുന്നത് കുറെയെങ്കിലും തടയാൻ സാധിക്കും
4.അടിത്തട്ടിൽ രണ്ട് അട്ടിയിൽ ആറ് ചാക്ക് സ്ഥാപിച്ചതിന് ശേഷം ആനുപാതികമായ എണ്ണത്തിൽ മുകളിലേക്ക് ആറ് ചാക്കിന്റെ ഉയരത്തിലാണ് ജിയോബാഗ് ഭിത്തി
5.പ്രത്യേകതരം തുണികൊണ്ട് ജിയോബാഗുകൾ പൊതിയുന്നുമുണ്ട്. ബാഗുകളുടെ അട്ടി മറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്
ജിയോബാഗ് സ്ഥാപിക്കുന്നത് : 250 മീറ്ററിൽ
ചെലവ് : 28 ലക്ഷം രൂപ
ശക്തമായ തിരകൾ താങ്ങാനുള്ള ശക്തി ജിയോ ബാഗുകൾക്കില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബാഗുകൾ പൊട്ടി തുടങ്ങി. എങ്കിലും സ്ഥിരമായ പ്രതിരോധ സംവിധാനം വരുന്നതുവരെ ജിയോ ബാഗിന്റെ സംരക്ഷണം നിലനിൽക്കുമെന്നാണ് പ്രതീക്ഷ
- നാട്ടുകാർ