ചേർത്തല: ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ബാങ്ക് ഹെഡ് ഓഫീസ് മന്ദിര ഉദ്ഘാടനം നാളെ വൈകിട്ട് 4ന് അരീപ്പറമ്പിൽ സഹകരണ ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1102 ചിങ്ങമാസം 9ന് 25 അംഗങ്ങളുമായി ഇലഞ്ഞിയിൽ നാരായണൻനായരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച് 98 വർഷം പിന്നിടുമ്പോൾ ബാങ്ക് ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള സാമ്പത്തീക സ്ഥാപനമായി മാറി കഴിഞ്ഞു. നിലവിൽ 10116 അംഗങ്ങളും,94 കോടി രൂപ പ്രവർത്തന മൂലധനവും,90 കോടി രൂപ നിക്ഷേപവും 84 കോടി നിൽപ്പു വായ്പയുമായി ക്ലാസ് 1 ഗ്രേഡിൽ പ്രവർത്തിക്കുന്നു. മായിത്തറ ശാഖയും,പ്രഭാത സായാഹ്ന ശാഖയും നല്ല നിലയിൽ പ്രവർത്തിക്കുന്നു. ബാങ്കിന്റെ കീഴിൽ ഒരു എ ഗ്രേഡ് വായനശാലയും,റേഷൻ ഡിപ്പോ,പ്രൊവിഷൻ സ്റ്റോർ,ആമ്പുലൻസ് സർവീസ് എന്നിവയും പ്രവർത്തിക്കുന്നു.36 വാടക കടമുറികളും,400 ചതുരശ്ര അടി ഗോഡൗണും,വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും ബാങ്കിന്റെ ഉടമസ്ഥതയിലുണ്ട്. നബാർഡിന്റെ സഹായത്തോടെ ബാങ്ക് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായുള്ള അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രച്ചറൽ ഇരുനില ഗോഡൗൺ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ബാങ്ക് പ്രധാന ഓഫീസിന്റെ പ്രവർത്തനത്തിന് അടിസ്ഥാന സൗകര്യത്തിന്റെ പോരായ്മകൾ പരിഹരിച്ച് ജനങ്ങൾക്ക് അനായസമായ ഇരപാടുകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ ഓഫീസ് മന്ദിരം നിർമ്മിച്ചിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ്,ചേർത്തല തെക്ക് ഗ്രാപഞ്ചായത്ത് ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ബി.സലിം,ഭരണ സമിതി അംഗങ്ങളായ ആർ.സുഖലാൽ,ഡി.പ്രകാശൻ,കെ.രമേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാളെ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് സ്വാഗതം പറയും.ബാങ്ക് ഹാൾ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസറും,കോൺഫറൻസ് ഹാൾ മുൻ എം.പി ടി.ജെ.ആഞ്ചലോസും,ഫ്രണ്ട് ഓഫീസ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനനും ഉദ്ഘാടനം ചെയ്യും. ബാങ്ക് സ്ഥാപക പ്രസിഡന്റിന്റെ ഫോട്ടോ അനാഛാദനം സിനിമോൾ സാംസണും,ബാങ്ക് അക്കൗണ്ട് ഹാൾ ഉദ്ഘാടനം പി.ഗാനകുമാറും,ലാഭവിഹിത വിതരണം വി.കെ.സുബിനയും നിർവഹിക്കും. മുൻ പ്രസിഡന്റുമാരെ ഒ.ജെ.ഷിബുവും,ഉപഹാര സമർപ്പണം എസ്.രാധാകൃഷ്ണനും,മുൻ സെക്രട്ടറിമാരെ ആദരിക്കൽ പി.സുനിൽകുമാറും കായിക പ്രതിഭകളെ ആദരിക്കളെ വി.ഉത്തമനും നിർവഹിക്കും. വൈകിട്ട് 6ന് ഗാനമേളയും നടക്കും.