ഹരിപ്പാട് : പട്ടികജാതി കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി. തൃക്കുന്നപ്പുഴ പല്ലന കിഴക്കേ വീട്ടിൽ മണിയുടെ വീടിനു നേരെയാണ് ബുധനാഴ്ച രാത്രി 12 മണിയോടുകൂടി ആക്രമണം ഉണ്ടായത്. അയൽവാസിയായ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും ഗേറ്റ് പിഴുത് എറിയുകയും വീട്ടിലെ പച്ചക്കറി കൃഷികൾ നശിപ്പിക്കുകയും ചെയ്തതായി തൃക്കുന്നപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മണിയും 17 കാരിയായ മകളും വയോധികയായ ഭർതൃ സഹോദരിയും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. രാജു ജാതി പറഞ്ഞ് ആക്ഷേപിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മണിയുടെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നതാണ്. തൃക്കുന്നപ്പുഴ പൊലീസ്അന്വേഷണം ആരംഭിച്ചു.