asd

ചാരുംമൂട്: താമരക്കുളത്ത് മദ്യപിച്ചെത്തി അതിക്രമം നടത്തിയ രണ്ടു യുവാക്കളെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരക്കുളം കിഴക്കേമുറി തറയിൽ ശരത് (30) നാണ് പരിക്കേറ്റത്.മുമ്പ് താമരക്കുളത്ത് താമസിച്ചിരുന്ന വിശാഖ്, സുഹൃത്ത് താമരക്കുളം സ്വദേശി ശരത്ത് ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകിട്ട് 5.45 ഓടെ കൊല്ലം - തേനി ദേശീയ പാതയിൽ നെടിയാണിക്കൽ ക്ഷേത്ര ഗ്രൗണ്ടിനു തൊട്ടടുത്തായുള്ള രാജീവിന്റെ ചൈതന്യ സ്റ്റോഴ്സിലാണ് ആദ്യം അക്രമം നടത്തിയത്. കടയിലേക്കെത്തിയ വിശാഖ് ഇവിടുത്തെ അലമാരയുടെ ചില്ല് പൊട്ടിക്കുകയും സ്റ്റൗ, ഫർണീച്ചറുകൾ എന്നിവ നശിപ്പിക്കുകയും ചെയ്തു.കടയിലെ ജീവനക്കാരനെ അക്രമിക്കാൻ ശ്രമിച്ചതായും ഉടമ മൊഴി നൽകി.

ഈ സമയം റോഡിലൂടെ വന്ന മിനി ടിപ്പർ ലോറിയുടെ മുൻവശത്തെ ചില്ലു തകർത്തു. ഇതിനുശേഷമാണ് വിശാഖ് ശരത്തിനെ അക്രമിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും യുവാക്കൾക്കെതിരെ കേസെടുക്കുമെന്നും സി.ഐ എസ്.ശ്രീകുമാർ പറഞ്ഞു.