rames

ആലപ്പുഴ: നാടിനെ ഞെട്ടിച്ച കണിച്ചുകുളങ്ങര കൂട്ടക്കൊലപാതകത്തിന് ഇന്ന് 19വയസ്. ലക്ഷത്തിലേറെ നിക്ഷേപകരും 100 കോടിയുടെ സ്വത്തുക്കളുമുണ്ടായിരുന്ന ഹിമാലയ ഗ്രൂപ്പ് കമ്പനികളുടെ ജനറൽ മാനേജർ സ്ഥാനം രാജിവച്ച് എവറസ്​റ്റ് ചിട്ടി ഫണ്ട് തുടങ്ങിയ രമേഷ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവരാണ് 2005 ജൂലായ് 20ന് നടന്ന ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.

കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നു രമേഷ് കൊച്ചിയിലേക്കു പോകുമ്പോൾ ദേശീയപാതയിൽ കണിച്ചുകുളങ്ങരയിൽ വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിപ്പിച്ചത്. ഹിമാലയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ ചെറായി നൊച്ചിക്കാട്ടു സജിത് (45), ചെറായി കളത്തിൽ ബിനീഷ് (46) എന്നിവരടക്കം അഞ്ചു പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഒന്നാംപ്രതി ലോറി ഡ്രൈവർ ഉണ്ണിക്ക് വിധിച്ചത് വധശിക്ഷയാണ്.

പിന്നീട്, ഉണ്ണിയുടെ വധശിക്ഷ 25വർഷം ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷയാക്കി ഹൈക്കോടതി കുറച്ചു. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആറാംപ്രതി ഹിമാലയ എം.ഡി സജിത്തിനും 25വർഷം കഴിയാതെ ഇളവനുവദിക്കരുതെന്ന് നിർദേശിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഏഴാംപ്രതി കെ.എം. ബിനീഷ്, നാലാംപ്രതി ചീഫ് എന്ന ഷിബി എന്നിവരുൾപ്പെടെ അഞ്ചു പ്രതികളെ കോടതി വിട്ടയച്ചു. രണ്ടാംപ്രതി പള്ളുരുത്തി സ്വദേശി അജിത്കുമാർ, മൂന്നാം പ്രതി ചെറായി പള്ളിപ്പുറം സ്വദേശി 'മൃഗം' സാജു എന്നിവരുടെ ജീവപര്യന്തം ശരിവച്ചു.

റിസീവർക്ക് കണ്ടെത്താനായത് അഞ്ചരക്കോടി

1. സാധാരണക്കാരായ നൂറുകണക്കിനാളുകൾ തുച്ഛമായ വരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടി നിക്ഷേപിച്ച കോടികളാണ് നഷ്ടപ്പെട്ടത്

2. 2010 ഡിസംബർ2ന് ഹിമാലയ ചിട്ടിക്കമ്പനി അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. എത്ര പണം നഷ്ടപ്പെട്ടെന്നുപോലും കൃത്യമായ കണക്കില്ല.

3. ഹിമാലയയുടെ 61 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.46 കോടി രൂപ പ്രതികൾ ഒളിവുജീവിതകാലത്ത് പിൻവലിച്ചു. ശേഷിക്കുന്ന 1.22 കോടി രൂപ റിസീവർ മരവിപ്പിച്ചു

4. പരാതി നൽകിയ നിക്ഷേപകർക്കു മാത്രം ലഭിക്കേണ്ടത്14 കോടിയാണ്. പക്ഷേ, റിസീവർക്ക് കണ്ടെത്താൻ കഴിഞ്ഞത് അ‍ഞ്ചര കോടിയുടെ സ്വത്തുക്കൾ മാത്രം

പകയിൽ പ്ളാൻ ചെയ്ത കൊലപാതകം

എവറസ്​റ്റ് ചിട്ടിഫണ്ട് ഹിമാലയയേക്കാൾ വളരുന്നത് സജിത്തിനും സംഘത്തിനും സഹിക്കാൻ കഴിയാതായതോടെ എവറസ്​റ്റ് ഉടമ രമേഷിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. കൃത്യംനടത്താൻ വാടകക്കൊലയാളികളെ നിയോഗിച്ചു. കൊലപാതകം വാഹനാപകടമാക്കിത്തീർക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ ചില പിഴവുകൾ പ​റ്റിയതോടെ കുടുങ്ങി

രണ്ട് പതിറ്റാണ്ടിന് അടുത്തായിട്ടും നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ കിട്ടാത്ത സാഹചര്യത്തിൽ നിക്ഷേപകരെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ ആലോചിക്കുകയാണ്

- ഇഗ്നേഷ്യസ് കാട്ടൂർ, ഹിമാലയ ചിട്ടി നിക്ഷേപകആക്ഷൻ കൗൺസിൽ ഭാരവാഹി

കമ്പനിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടിയെങ്കിലും നിയമപരമായ ചില നടപടികൾ ശേഷിക്കുന്നതിനാൽ ലേലം ചെയ്യാനോ ഇരകൾക്ക് പണം തിരികെ നൽകാനോ കഴിഞ്ഞിട്ടില്ല

- പി. രാമകൃഷ്ണൻ,​ റിസീവർ