ആലപ്പുഴ: തീരദേശവാസികളുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ - എറണാകുളം തീരദേശ ബസ് സർവീസ് ആരംഭിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുമ്പോളിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുമ്പോളിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 7.20നാണ് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് രാവിലെ 6.30നും, 7.20നുമാണ് സർവീസ്. എറണാകുളത്തു നിന്ന് വൈകുന്നേരം 4.20നും, 5.30 നും ആലപ്പുഴക്ക് സർവ്വീസുണ്ടാകും. മന്ത്രി കെ.ബി.ഗണേശ് കുമാറിന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വീസ് ആരംഭിച്ചത്. ദേശീയപാത നിർമ്മാണം കാരണമുള്ള ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ സർവ്വീസ് പരിഹാരമാകും.