വൈക്കം: കരനെല്ലും പച്ചക്കറിയും കരിമീനും വിളയിച്ച ആശ്രമം സ്‌കൂൾ കുട്ടികൾ പുഷ്‌പ കൃഷിയിലേക്ക്. ഓണത്തിന് ഒരുകുട്ട പൂവ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
കുട്ടികൾ പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാവീണ്യം നേടണമെന്നും അവർ ഭൂമിയെ അറിഞ്ഞ് വളരണമെന്നും അതിനായി അവർക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകണമെന്നുമുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശം വൈക്കം യൂണിയൻ നേതൃത്വം നൽകുന്ന സ്‌കൂൾ നടപ്പാക്കുകയായിരുന്നു.
കൊവിഡ് കാലത്താണ് സ്‌കൂളിൽ കൃഷിപാഠം പദ്ധതി തുടങ്ങിയത്. സ്‌കൂൾ വളപ്പിലെ മൂന്നേക്കർ സ്ഥലത്ത് ചീര കൃഷിയാണ് ആദ്യം ചെയ്തത്. അത് വൻ വിജയമായതോടെ തലയാഴം പഞ്ചായത്തിലെ രണ്ടേക്കറിൽ കരനെല്ലും പച്ചക്കറിയുമൊക്കെ തുടർച്ചയായി കൃഷി ചെയ്തുവരുന്നു. ഒപ്പം മത്സ്യകൃഷിയുമുണ്ട്. ഇക്കുറി ഓണത്തിന് കുട്ടികളുടെ വീടുകളിൽ പൂക്കളമൊരുക്കാനാവശ്യമായ പൂവ് വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതി ആവിഷ്‌കരിച്ചത്.
ആശ്രമം സ്‌കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സ്‌കൂൾ വളപ്പിൽ ബന്ദി, ജമന്തി എന്നിവയുടെ കൃഷി ആരംഭിച്ചത്. 3000 ത്തോളം തൈകളാണ് ഇതിനായി ഒരുക്കിയത്. സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ. ബിന്ദു പുഷ്പ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. വി.എച്ച്.എസ് പ്രിൻസിപ്പൽ ഇ.പി.ബീന, പ്രഥമാദ്ധ്യാപിക പി.ആർ. ബിജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ദീപ്തി ദാസ്, പി.സിന്ധു, സി.എസ്.ജിജി, ആർ.രജനി, ടി.ജി.നിഷമോൾ തുടങ്ങിയവർ പങ്കെടുത്തു.