ആലപ്പുഴ: കോമളപുരം ആര്യാട് ലൂഥറൻ ഹയർ സെക്കൻഡറി സ്‌കൂളിലെ 23 വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഛർദ്ദിയും വയറിളക്കവുമുണ്ടായത്.18 പേരെ ജില്ലാ ജനറൽ ആശുപത്രിയിലും അഞ്ചുപേരെ വനിതാ ശിശു ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മോരിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രഥമിക നിഗമനം. രണ്ട് ദിവസം അവധിയായതിനാൽ വിദ്യാർത്ഥികൾക്ക് നൽകേണ്ട പാൽ ഉറ ഒഴിച്ചു വെച്ചിരുന്നു. ഇതാണ് മോരായി ഉപയോഗിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാലിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്‌ക്കൂളിലെത്തി പാചകപ്പുരയടക്കമുള്ളവ പരിശോധിച്ചു.