1

കുട്ടനാട്: എ.സി കനാലിലെ നീരൊഴുക്കിന് തടസ്സം നിൽക്കുന്ന പോളയും കടകലും ഉൾപ്പടെയുള്ള മാലിന്യം യന്ത്രം ഉപയോഗിച്ച് ഇന്നുമുതൽ നീക്കം ചെയ്യും. കനത്തമഴയ്ക്കും കിഴക്കൻവെള്ളത്തിന്റെ വരവിനും പുറമെ കനാലിലെ തടസവും മുട്ടാർ പഞ്ചായത്തിലെ പല വാർഡുകളിലും ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്നാണ് നടപടി.

കാലവർഷവും നാട്ടുകാരുടെ സമ്മർദ്ദവും കണക്കിലെടുത്ത് മുട്ടാർ കിടങ്ങറ പാലം നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കനാലിലെ മുട്ട് തുറക്കാൻ അധികാരികൾ തയ്യാറായെങ്കിലും നീരൊഴുക്ക് സുഗമമാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

മഴ ശക്തമായതോടെ കനാലിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും രംഗത്തെത്തി. കൂടാതെ എം.എൽ.എയും കളക്ടറും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് കനാലിലെ മാലിന്യം നീക്കം ചെയ്യാൻ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക നടപടിയായത്.