a

മാവേലിക്കര​ : ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലും ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന്റെ ഭാരവാഹി എന്ന നിലയിലും ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാലാണ് രാജി എന്നാണ് അനി വർഗീസ് പ്രതികരിച്ചത്. ആറ് മാസം മുമ്പേ ഡി.സി.സി പ്രസിഡന്റിന് ഇത് സംബന്ധിച്ച കത്ത് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് രാജിക്ക് കാരണമെന്നാണ് സൂചന. നഗരത്തിലെ കോട്ടത്തോട് മാലിന്യമുക്തമാക്കുന്നത് ഉൾപ്പടെ മാലിന്യ മുക്ത നഗരം എന്ന പ്രഖ്യാപനം ഉദ്യോഗസ്ഥർ അട്ടിമറിച്ചതാണ് രാജിക്കുള്ള കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ടു നടന്ന കൗൺസിലിൽ നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനായി നടപടികൾ വ്യക്തമാക്കണമെന്ന് അനി വർഗീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് മറുപടി അന്ന് നൽകാതെ ശിൽപ്പശാലയിൽ വിശദമായ മറുപടി നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇന്നലെ നടന്ന ശിൽപ്പശാലയിൽ മാലിന്യമുക്ത നഗരം എന്ന വിഷയത്തിൽ ചർച്ചകൾ നടന്നില്ല. ഇത് ചോദ്യം ചെയ്തപ്പോൾ ജനപ്രതിനിധികളാണ് മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞതാണ് അനി വർഗീസിനെ ചൊടുപ്പിച്ചത്.