ambala

അമ്പലപ്പുഴ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചെളി ഇറക്കിയിട്ടത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാകുന്നു. റോഡരികിൽ വൻ തോതിലാണ് ചെളി കൂട്ടിയിട്ടിരിക്കുന്നത്. ദേശീയപാതാ നവീകരണവുമായി ബന്ധപ്പെട്ട് ഓട നിർമിച്ച് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. പൈപ്പിട്ടശേഷമുള്ള വിടവുകൾ അടയ്ക്കാനാണ് വിവിധ പാടശേഖരങ്ങളിൽ നിന്നുള്ള ചെളി ദേശീയ പാതയോരത്ത് ഇറക്കിയിരിക്കുന്നത്. പുറക്കാട്, പഴയങ്ങാടി, തോട്ടപ്പള്ളി ഒറ്റപ്പന, മാത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെളി ഇറക്കിയിട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഗ്രാവലിന് പകരം ഇറക്കിയ ചെളിയിൽ നിന്നുള്ള അതിരൂക്ഷമായ ദുർഗന്ധം കാരണം വഴിനടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി ചെളി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.