19 ചുണ്ടനുകൾ പങ്കെടുക്കും
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊൻമാന് നീലുവെന്ന് പേരിട്ടു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ ജില്ല കളക്ടർ അലക്സ് വർഗീസാണ് നീലുവെന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി.
പേരിനുള്ള എൻട്രികൾ തപാൽ മുഖേനയാണ് ക്ഷണിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 609 എൻട്രികൾ ലഭിച്ചു. നീലു എന്ന പേര് 33 പേർനിർദേശിച്ചു. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂർപള്ളിക്കൽ സ്വദേശി വിദ്യാർഥിയായ കീർത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ നാണയം സമ്മാനമായി ലഭിക്കും.
നെഹ്റുട്രോഫി മത്സരത്തിൽ പങ്കെടുക്കുന്നതിനായി 19 ചുണ്ടൻവള്ളങ്ങളുൾപ്പെടെ 73 കളിവള്ളങ്ങൾ രജിസ്റ്റർ ചെയ്തു.