ബുധനൂർ: കാലവർഷമെത്തിയാൽ ബുധനൂർ പ്ലാക്കാത്തറക്കാർ നീന്തിക്കുഴയും. 3 മുതൽ 5 അടി വരെ ആഴത്തിലുള്ള വെള്ളക്കെട്ട് നീന്തിവേണം പുറത്തേക്കിറങ്ങാൻ.
ബുധനൂർ പഞ്ചായത്ത് 13-ാം വാർഡിൽ എണ്ണയ്ക്കാട് കിഴക്ക് പ്ലാക്കാത്തറയിൽ നാല്പതോളം വീട്ടുകാരാണ് വർഷങ്ങളായി ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്. കാലവർഷത്തെ തുടർന്നുണ്ടായതുൾപ്പെടെ രണ്ടാംവട്ടവും റോഡിലും വീടിന്റെ പരിസരങ്ങളിലും വെള്ളം കയറിയതോടെ ഇവർഏറെ ദുരിതത്തിലായി. ചെറിയൊരു മഴമതി ഈ ഭാഗത്തെ പകുതിയോളം വീടുകളും വെള്ളക്കെട്ടിലാകാൻ. രണ്ടു കുടുംബങ്ങളിലായി ആറുപേരാണ് നിരന്തരം ദുരിതത്തിൽപ്പെട്ടുപോകുന്നത്. ഇവരെ ദിവസങ്ങൾക്കു മുമ്പ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തയ്യൂരിലെ പകൽവീട്ടിലാണ് ക്യാമ്പ് തുറന്നത്. ജൂൺ അവസാനത്തിലും ഇത്തവണയുമായി 2 പ്രാവശ്യമാണ് പ്ലാക്കാത്തറയിൽ വെള്ളപ്പൊക്കമുണ്ടായതും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയതും. വർഷത്തിൽ മൂന്നും നാലും വെള്ളപ്പൊക്ക ദുരിതമാണ് പ്ലാക്കാത്തറക്കാർ അഭിമുഖീകരിക്കുന്നത്.
റോഡുകൾ മുങ്ങും
എണ്ണയ്ക്കാട് പ്ലാക്കാത്തറയിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താൻ മൂന്ന് റോഡുകളാണുള്ളത്
അതിലൊന്ന് മെറ്റൽ നിരത്തി പുനർനിർമ്മാണത്തിനായി കാത്ത് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി
അവശേഷിക്കുന്ന രണ്ടെണ്ണം മൺപാതകളാണ്. ഇവയ്ക്കായി ഫണ്ട് അനുവദിച്ചെന്ന് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി
ദുരിത്തതിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് പ്ലാക്കാത്തറക്കാർ ആവശ്യപ്പെടുന്നത്
പ്ലാക്കാത്തറയിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താനുള്ള ചെറുറോഡുകളെല്ലാം ഉയർത്തി നിർമ്മിച്ചാലേ പ്രദേശവാസികളുടെ ദുരിതത്തിന് അറുതിയാകുകയുള്ളൂ
- പി.ജെ പ്രജിത, കമ്യൂണിറ്റി കൗൺസിലർ