plakkathara

ബുധനൂർ: കാലവർഷമെത്തിയാൽ ബുധനൂർ പ്ലാക്കാത്തറക്കാർ നീന്തിക്കുഴയും. 3 മുതൽ 5 അടി വരെ ആഴത്തിലുള്ള വെള്ളക്കെട്ട് നീന്തിവേണം പുറത്തേക്കിറങ്ങാൻ.

ബുധനൂർ പഞ്ചായത്ത് 13-ാം വാർഡിൽ എണ്ണയ്ക്കാട് കിഴക്ക് പ്ലാക്കാത്തറയിൽ നാല്പതോളം വീട്ടുകാരാണ് വർഷങ്ങളായി ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്. കാലവർഷത്തെ തുടർന്നുണ്ടായതുൾപ്പെടെ രണ്ടാംവട്ടവും റോഡിലും വീടിന്റെ പരിസരങ്ങളിലും വെള്ളം കയറിയതോടെ ഇവർഏറെ ദുരിതത്തിലായി. ചെറിയൊരു മഴമതി ഈ ഭാഗത്തെ പകുതിയോളം വീടുകളും വെള്ളക്കെട്ടിലാകാൻ. രണ്ടു കുടുംബങ്ങളിലായി ആറുപേരാണ് നിരന്തരം ദുരിതത്തിൽപ്പെട്ടുപോകുന്നത്. ഇവരെ ദിവസങ്ങൾക്കു മുമ്പ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തയ്യൂരിലെ പകൽവീട്ടിലാണ് ക്യാമ്പ് തുറന്നത്. ജൂൺ അവസാനത്തിലും ഇത്തവണയുമായി 2 പ്രാവശ്യമാണ് പ്ലാക്കാത്തറയിൽ വെള്ളപ്പൊക്കമുണ്ടായതും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയതും. വർഷത്തിൽ മൂന്നും നാലും വെള്ളപ്പൊക്ക ദുരിതമാണ് പ്ലാക്കാത്തറക്കാർ അഭിമുഖീകരിക്കുന്നത്.

റോഡുകൾ മുങ്ങും

 എണ്ണയ്ക്കാട് പ്ലാക്കാത്തറയിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താൻ മൂന്ന് റോഡുകളാണുള്ളത്

 അതിലൊന്ന് മെറ്റൽ നിരത്തി പുനർനിർമ്മാണത്തിനായി കാത്ത് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി

 അവശേഷിക്കുന്ന രണ്ടെണ്ണം മൺപാതകളാണ്. ഇവയ്ക്കായി ഫണ്ട് അനുവദിച്ചെന്ന് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി

 ദുരിത്തതിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് പ്ലാക്കാത്തറക്കാർ ആവശ്യപ്പെടുന്നത്

പ്ലാക്കാത്തറയിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താനുള്ള ചെറുറോഡുകളെല്ലാം ഉയർത്തി നിർമ്മിച്ചാലേ പ്രദേശവാസികളുടെ ദുരിതത്തിന് അറുതിയാകുകയുള്ളൂ

- പി.ജെ പ്രജിത, കമ്യൂണിറ്റി കൗൺസിലർ