അമ്പലപ്പുഴ: പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. പുറക്കാട് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് ദേശീയ പാതയോരത്താണ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്.ദേശീയ പാതാ വികസനത്തിന്റെ
ഭാഗമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത്. പൊട്ടിയ പൈപ്പിലൂടെയുള്ള മലിനമായ കുടിവെള്ളമാണ് പ്രദേശവാസികൾക്കെല്ലാം ലഭിക്കുന്നത്. തൊട്ടടുത്ത് ഭിന്നശേഷിക്കാരനായ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കടയുടെ മുന്നിൽ കുടിവെള്ളം മലിനമായി പാട നിറഞ്ഞ് എണ്ണമയമായി കിടക്കുകയാണ്. മലിനജലം ഉപയോഗിക്കുന്നതു മൂലം പ്രദേശത്ത് കോളറ ഉൾപ്പെടെയുള്ള പകർച്ചവ്യാധി പടരുമെന്ന ആശങ്കയുണ്ട്. നാട്ടുകാരുടെ നിരന്തര പരാതികളെത്തുടർന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പരിഹാരവും സ്വീകരിച്ചിട്ടില്ല. അറ്റകുറ്റപണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.