തുറവൂർ: സി. പി എം ഭരിക്കുന്ന കുത്തിയതോട്, അരൂർ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണെമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കുത്തിയതോട് പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ അസി. എൻജിനിയറുടെ വ്യാജ ഒപ്പിട്ട് തട്ടിപ്പു നടത്തിയ താത്കാലിക ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകക്ഷിയായ സി.പി.എം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. അരൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഫയൽ അസി. എൻജിനിയർ ആവശ്യപ്പെട്ട് രംഗത്തുവന്നതും പഞ്ചായത്ത് അത് നൽകാത്തതും അഴിമതി നടത്തിയതിന്റെ തെളിവാണെന്നും തൊഴിലുറപ്പു പദ്ധതിയിലെ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും വാർത്താസമ്മേളനത്തിൽ ബി.ജെ.പി അരൂർ മണ്ഡലം പ്രസിഡന്റ് എൻ. രൂപേഷ് പൈ, സംസ്ഥാന കമ്മിറ്റിയംഗം സി.മധുസൂദനൻ, മറ്റ് നേതാക്കളായ ആർ.ബിജു, സുജിത്ത് എന്നിവർ അറിയിച്ചു.