
ചെന്നിത്തല: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം ജാഗ്രത പുലർത്തുമ്പോൾ മരത്തിൽ ചേക്കേറിയ ദേശാടനപക്ഷികൾ ചത്ത് വീഴുന്നത് ചെന്നിത്തല ഗ്രാമത്തിനെ ഭീതിയിലാക്കുന്നു. മാവേലിക്കര-മാന്നാർ സംസ്ഥാനപാതയിൽ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ കല്ലുംമൂട് ജംഗ്ഷന് വടക്കുവശം ചെന്നിത്തല മഹാത്മ സ്‌കൂളിനും അയ്യക്കശ്ശേരിൽ ക്ഷേത്രത്തിനും സമീപം റോഡിന്റെ പടിഞ്ഞാറു വശത്തുള്ള രണ്ടു വൃക്ഷങ്ങളിലായി നൂറു കണക്കിന് ദേശാടനപക്ഷികളാണ് ചേക്കേറിയിരിക്കുന്നത്. ഇവയുടെ കാഷ്ടം വീണ് ഇരു ചക്രവാഹനക്കാരും കാൽനടയാത്രക്കാരും ഏറെ ദുരിതത്തിലാകുന്നത് കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കല്ലുംമൂട് ജംഗ്ഷനും മഹാത്മാ സ്‌കൂളിനും മദ്ധ്യേയുള്ള റോഡ് കാഷ്ടം വീണ് വെളുത്ത് കിടക്കുകയാണ്. പക്ഷികളുടെ കാഷ്ടം ഭയന്ന് കടകളിലേക്ക് എത്താൻ ഉപഭോക്താക്കൾ മടിക്കുന്നത് കാരണം സമീപത്തുള്ള വ്യാപാരികളും ഏറെ കഷ്ടത്തിലാണ്. ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല - തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ആലപ്പുഴ ജില്ലാകളക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്ന് , പരാതിയിൽ നടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കാനും കളക്ട്രേറ്റിൽ റിപ്പോർട്ട് ചെയ്യാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് കളക്ടർ ആവശ്യപ്പെട്ടെങ്കിലും തുടർ നടപടികളുണ്ടായില്ല.
......
#ദേശാടനപക്ഷികൾ വൈറസ് വാഹകർ
1. പ്രധാനമായും കറുത്ത നീർകാക്കകളും കൊക്ക് മുണ്ടിയോട് രൂപസാദൃശ്യമുള്ള വലിപ്പം കൂടിയ വെള്ള പക്ഷികളുമാണ് ചെന്നിത്തല കല്ലുംമൂട് ഭാഗത്തു ചേക്കേറിയിട്ടുള്ളത്.
2.ചുള്ളിക്കമ്പുകൾ കൊണ്ട് നിർമ്മിച്ച കൂടുകൾ മരങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. രാവിലെയാണ് പക്ഷികൾ ചത്ത് വീഴുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
3. യാത്രക്കാരുടെ ശരീരത്തിൽ കാഷ്ടം വീഴുകയും, ദുർഗന്ധം കാരണം സമീപപ്രദേശത്ത് കടകളിലും വീടുകളിലും പോകാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്.
.......
പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ഇവിടെ പക്ഷികൾ ചത്ത് വീഴുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണം. ഈവിഷയം ജില്ലാഭരണകൂടത്തിന്റെയും, മറ്റ് അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളും.
(ദിപു പടകത്തിൽ, ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)