ആലപ്പുഴ: പക്ഷിപ്പനിക്ക് പിന്നാലെ ജില്ലയിൽ പടർന്നുപിടിച്ച് കുളമ്പുരോഗം. ചേർത്തല താലൂക്കിലെ അരൂർ, എഴുപുന്ന പഞ്ചായത്തുകളിലെ കന്നുകാലികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 45 കന്നുകാലികൾക്കും കിടാരികൾക്കും രോഗം ബാധിച്ചെന്നാണ് റിപ്പോർട്ട്. ആറുമാസത്തിലൊരിക്കൽ കന്നുകാലികൾക്ക് എടുക്കേണ്ട പ്രതിരോധ വാക്സിനേഷനിൽ ഇത്തവണ പക്ഷിപ്പനി വ്യാപനം കാരണം വൈകിയതാണ് കുളമ്പുരോഗം പടരാൻ കാരണം. കലവൂരിലെ ചില വാർഡുകളിലെ കന്നുകാലികൾക്കും കുളമ്പുരോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. രോഗസ്ഥിരീകരണത്തിന് രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. രോഗവ്യാപനത്തോടെ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞത് ക്ഷീരകർഷകരെ ദുരിതത്തിലാക്കി.

വാക്‌സിൻ വൈകിയത് തിരിച്ചടി

1. ആറുമാസത്തിലൊരിക്കൽ വാക്‌സിൻ എടുത്തില്ലെങ്കിൽ കാലികളിലെ പ്രതിരോധ ശേഷിയെ ബാധിക്കും. കുളമ്പുരോഗം വ്യാപകമായതോടെ ഈ മാസം അവസാനം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ് ജില്ലാമൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം

2.പക്ഷിപ്പനി വ്യാപനം കാരണം പ്രതിരോധ ഇനങ്ങളായ കൈയ്യുറ, ഗം ബൂട്ടുകൾ എന്നിവ ലഭ്യമാക്കാത്തതാണ് കുത്തിവയ്പ്പ് വൈകാൻ കാരണമായി പറയുന്നത്. ഇത്തവണ കുളമ്പ് രോഗത്തോടൊപ്പം ചർമ്മമുഴക്കുള്ള വാക്സിനും ഒരു ദിവസം തന്നെ നൽകും

3.കുളമ്പുരോഗം കാരണം പാൽ ഉത്പാദനം കുറയുന്നത് വായ്പയെടുത്ത് പശുക്കളെ വളർത്തുന്ന കർഷകരെ കടക്കെണിയിലായി. കുളമ്പ് രോഗം ബാധിച്ച പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. വന്ധ്യതയ്ക്കു വരെ കുളമ്പുരോഗം കാരണമാകും

ലക്ഷണങ്ങൾ

കുളമ്പ്, വായ്, നാവ്, ചുണ്ടുകൾ എന്നിവ പൊട്ടൽ, പനി, ഉമിനീർ ഒലിക്കൽ, തീറ്റ എടുക്കാൻ മടി

കുളമ്പുരോഗം

പഞ്ചായത്തുകൾ: അരൂർ, എഴുപുന്ന

രോഗം ബാധിച്ചത് : 45 എണ്ണം

കുളമ്പുരോഗം, ചർമ്മമുഴ രോഗങ്ങൾ എന്നിവയ്ക്ക് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ഈ മാസം കുത്തിവയ്പ്പ് ആരംഭിക്കും. ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ എത്താൻ വൈകുന്നതാണ് കാലതാമസത്തിന് കാരണം

- ഡോ. രമ, ജില്ലാമൃഗസംരക്ഷണ ആഫീസർ