ആലപ്പുഴ: രാജ്യത്തെ ഏറ്റവും വലിയ ജലമേളയ്ക്ക് അരങ്ങുണർന്നു. കളിവള്ളങ്ങൾ മത്സര പരിശീലനം നടത്തുന്ന ട്രാക്ക് എൻട്രിക്ക് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനിൽ തുടക്കം കുറിച്ചു. ഇത്തവണ 19 ചുണ്ടൻവള്ളങ്ങളാണ് വിവിധ ജില്ലകളിൽ നിന്നായി നെഹ്റു ട്രോഫിക്കായി പുന്നമട കായലിൽ പോരാട്ടത്തിനിറങ്ങുന്നത്. ഭൂരിപക്ഷം ക്ലബുകളും ആഴ്ചകൾ മുമ്പേ ടീം സജ്ജമാക്കി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. വിവിധ മേഖലകളിൽ ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. വരും ദിവസങ്ങളിൽ മറ്റ് ക്ലബുകൾ കൂടി ട്രാക്കിലിറങ്ങുന്നതോടെ പുന്നമടയിലെ ആവേശം തിരയായി മാറും.
ആവേശത്തേരിൽ ട്രാക്ക് എൻട്രി
കരയിലും കായലിലും ആരാധകരുടെ കരഘോഷത്തിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെയാണ് നിലവിലെ നെഹ്റു ട്രോഫി വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് കാരിച്ചാൽ ചുണ്ടനിൽ ട്രാക്ക് എൻട്രി നടത്തിയത്. ഫൈനൽ പോരാട്ടത്തിൽ കരകളിൽ ഉയരുന്ന അതേ ആവേശത്തിന്റെ മിനി പതിപ്പായിരുന്നു ഇന്നലത്തെ പുന്നമടയിൽ അരങ്ങേറിയത്. വി.ഐ.പി പവലിയനും കരകളും കാണികളെക്കൊണ്ട് നിറഞ്ഞു. പി.ബി.സിയുടെ കൊടിയേന്തിയ നൂറ് കണക്കിന് ചെറുവള്ളങ്ങൾ ആവേശം പകർന്ന് കായലിൽ നിറഞ്ഞു. കരക്കാരുടെ കരുത്തിലാണ് പതിവുപോലെ പള്ളാത്തുരുത്തി ക്ലബ് ഇത്തവണയും മത്സരത്തിനിറങ്ങുന്നത്. പുന്നമട വി.ഐ.പി പവലിയന് മുൻവശം നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഫ്ലാഗ് ഒഫ് നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷയായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.ആർ.പ്രേം പങ്കെടുത്തു. കാരിച്ചാൽ ചുണ്ടന് വേണ്ടി കവി പുന്നപ്ര ജ്യോതികുമാർ തയാറാക്കിയ ഗാനവും പരിപാടിക്ക് അകമ്പടിയായി.
മനം മടുപ്പിച്ച് ടോയ്ലറ്റ്
പുന്നമട ഫിനിഷിംഗ് പോയിന്റിലെ വി.ഐ.പി പവലിയനിൽ മത്സരം കാണാനെത്തുന്ന പ്രമുഖർക്ക് ഉപയോഗിക്കാനുള്ള ടോയ്ലറ്റ് കെട്ടിടത്തിന്റെ പിൻഭാഗം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. മത്സരത്തോടനുബന്ധിച്ച് താൽക്കാലിക മറയുണ്ടാക്കി കൈകഴുകാതെ കെട്ടിടത്തിന്റെ പോരായ്മകൾ സ്ഥിരമായി പരിഹരിക്കണമെന്നാണ് ജലോത്സവ പ്രേമികളുടെ ആവശ്യം. ജലമേള കാണാനെത്തുന്നവർ മാത്രമല്ല, ഇതര രാജ്യങ്ങളിൽ നിന്നുൾപ്പടെയുള്ള വിനോദസഞ്ചാരികൾ ഹൗസ് ബോട്ടുകളിൽ സഞ്ചരിക്കുന്ന പാതയാണ്. പവലിന്റെ ശോച്യാവസ്ഥ സഞ്ചാരികൾ കണ്ടു മടങ്ങുകയാണ്. ഫിനിഷിംഗ് പോയിന്റിൽ കാണികൾക്കുള്ള പവലിയനുകൾ സജ്ജമായിവരുന്നു.