kuda

ആലപ്പുഴ: മായാവിയുടെയും ബലൂണുകളുടെയും ചിത്രങ്ങൾ പതിച്ചൊരു കുഞ്ഞിക്കുട കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഉടമയെ കാത്തിരിക്കുകയാണ്. കുടയ്ക്കൊപ്പം ഒരു പെൻസിലുമുണ്ട്. പുളിങ്കുന്ന് - ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസിലെ സീറ്റിൽ നിന്ന് വെള്ളിയാഴ്ച്ച വൈകിട്ടാണ് വനിതാ കണ്ടക്ടർക്ക് കുട മറന്നുവച്ച് കിട്ടിയത്. ഇന്നലെ വരെ ആരും അന്വേഷിച്ചെത്തിയില്ല. കുടയുടെ ഉടമയെന്ന് കരുതുന്ന കുഞ്ഞിന്റെ മുഖം കണ്ടക്ടറുടെ മനസിലുണ്ട്. നഗരത്തിലാണ് ബസിറങ്ങിയത്. പക്ഷേ ഏത് സ്റ്റോപ്പിൽ നിന്ന് കയറിയതെന്ന് ഓർമ്മയില്ല. അടുത്ത ദിവസമെങ്കിലും കുട തേടി കുഞ്ഞുടമ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ ജീവനക്കാർ.