ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് മുട്ടയ്ക്കും ഇറച്ചിക്കും ആവശ്യക്കാരില്ലാതായതോടെ
താറാവുകളെ പോറ്റാൻ നിവൃത്തിയില്ലാതെ കർഷകർ. രോഗബാധയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട
മൂന്നര ലക്ഷത്തോളം താറാവുകളാണ് ഇപ്പോൾ കുട്ടനാട്ടിലുള്ളത്. പക്ഷിപ്പനിയെ തുടർന്ന് ഇറച്ചിയുടെയും മുട്ടയുടെയും വിൽപ്പന നിരോധിച്ചതും രോഗവ്യാപന പ്രദേശത്തുനിന്ന്
വളർത്തുപക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്രുന്നത് തടഞ്ഞതുമാണ് കർഷകർക്ക് തിരിച്ചടിയായത്. കൂട്ടിൽ അടയ്ക്കപ്പെട്ട താറാവുകൾക്ക് തീറ്റ വാങ്ങിക്കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് പലരും. അരൂർ,ചന്തിരൂർ,നെടുമുടി, പള്ളാത്തുരുത്തി,ചെന്നിത്തല, പളളിപ്പാട്,വഴുതാനം, വണ്ടാനം മേഖലകളിലാണ് ജില്ലയിൽ ഏറ്റവുമധികം താറാവ് കർഷകരുളളത്. കള്ളിംഗിന് വിധേയമാക്കിയ താറാവുകളിൽ ആറുമാസം വരെ പ്രായമുള്ളവയ്ക്ക് നൂറും അതിന് മുകളിലുള്ളവയ്ക്ക് 200രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം. ഒരു കിലോ താറാവ് ഇറച്ചിക്ക് 300-350 രൂപ വരെ വിലയുള്ളപ്പോഴുള്ള ഈ നഷ്ടപരിഹാരം ഒട്ടും ആശ്വാസകരമല്ല. 2022ലെ നഷ്ടപരിഹാരത്തുക ഒമ്പതുമാസത്തിന് ശേഷമാണ് കർഷകർക്ക് ലഭിച്ചത്.
മുട്ടയ്ക്കും ഇറച്ചിക്കും ആവശ്യക്കാരില്ല
1. താറാവുകളെ പാടശേഖരങ്ങളിൽ തുറന്നുവിടാനാകുന്നില്ല. മുട്ടയിടുന്ന ഒരു താറാവിന് ഒരു ദിവസം ശരാശരി 17 രൂപ തീറ്റയ്ക്ക് മാത്രം വേണം
2. ഗോതമ്പിന് വിലക്കൂടിയതോടെ അരിയാണ് താറാവുകൾക്ക് നൽകുന്നത്. 250 ഗ്രാം അരിയും 100 ഗ്രാമോളം കോഴിത്തീറ്റയും ഒരു താറാവിന് നൽകേണ്ടിവരുന്നു
3. പക്ഷിപ്പനി ഭീതിയും 2025 മാർച്ച് വരെ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയന്ത്രണങ്ങളും താറാവ് കർഷകരെ കൂടുതൽ സമ്മർദ്ദത്തിലാക്കും
4. ഒമ്പതുമാസത്തെ സർക്കാർ നിയന്ത്രണം കുട്ടനാടിന്റെ പൈതൃക താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയുടെ വംശനാശത്തിന് വഴിവയ്ക്കും
5.വായ്പയെടുത്തും പലിശയ്ക്ക് കടം വാങ്ങിയും താറാവ് കൃഷിക്ക് ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം കടക്കെണിയിലായിട്ടും രക്ഷിക്കാൻ സർക്കാർ പദ്ധതികളില്ല
ജില്ലയിൽ താറാവ് കർഷകർ : 420
അവശേഷിക്കുന്ന താറാവുകൾ: 3.5 ലക്ഷം
കള്ളിംഗ് നടത്തിയ പക്ഷികൾ : 2.5 ലക്ഷം
ഇറച്ചി, മുട്ട വ്യാപാരം
മുട്ടവ്യാപാര കേന്ദ്രങ്ങൾ : 400
പക്ഷിപ്പനിക്ക് മുമ്പ് വർഷം : ₹1000 കോടി
ഇപ്പോൾ: ₹400 കോടി
പക്ഷിപ്പനിയെ തുടർന്ന് താറാവ് കർഷകർ കടക്കെണിയിലാണ്. നഷ്ടപരിഹാരത്തുക വർദ്ധിപ്പിച്ചോ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയോ കർഷകരെ സർക്കാർ സഹായിക്കണം
- അഡ്വ. ബി.രാജശേഖരൻ, പ്രസിഡന്റ് , ഐക്യ താറാവ് കർഷകസംഘം