# പഴ്സലുണ്ടായിരുന്നത് 24,000 രൂപയും രേഖകളും
ആലപ്പുഴ : തൃശൂരിൽ മേസ്തിരിപ്പണിക്ക് പോകാൻ രാവിലെ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയതായിരുന്നു മാമ്പുഴക്കരി കോളനി 35ൽ മനോജ്. മാമ്പുഴക്കരിയിൽ നിന്ന് ബസിൽ ആലപ്പുഴ സ്റ്റാൻഡിലെത്തി, തൃശൂരിലേക്ക് അടുത്ത ബസ് പിടിക്കുന്നതിനിടെയാണ്
തറയിൽ നിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടിയത്. തുറന്നുനോക്കിയപ്പോൾ നിറയെ കാശ്. ചില രേഖകളുമുണ്ട്. പഴ്സ് സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ഏൽപ്പിച്ചു. എൻക്വയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ചന്ദ്രലാൽ പണം എണ്ണി തിട്ടപ്പെടുത്തി മനോജിനെ ബോദ്ധ്യപ്പെടുത്തി, ഇരുപത്തിനാലായിരം രൂപയുണ്ട്. ഉടമയെത്തുമെന്ന പ്രതീക്ഷയോടെ മനോജ് അടുത്ത ബസിൽ തൃശൂരിലേക്ക് പുറപ്പെടുകയും ചെയ്തു.
പഴ്‌സിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നത് തുണയായി. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ വൈഹിക്കിൾ ഇൻസ്പെക്ടറുമായി ബന്ധപ്പട്ട് ലൈസൻസ് ഉടമയുടെ ഫോൺ നമ്പർ തരപ്പെടുത്തി വിളിച്ചു. റിട്ട പോസ്റ്റ് ഓഫീസ് സൂപ്രണ്ട് വൈറ്റില സ്വദേശി പി.എ.മാത്യുവിനെ തേടിയാണ് ഫോൺ കോൾ എത്തിയത്. കാര്യം അറിഞ്ഞതോടെ, പഴ്സ് നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന മാത്യുവിന് വലിയ സന്തോഷമായി.
ആലപ്പുഴ ബീച്ചിന് സമീപത്തെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ ഒരു കേസ് സംബന്ധമായ ആവശ്യത്തിനെത്തിയതായിരുന്നു മാത്യു. ബസിൽ നിന്നിറങ്ങി സമീപത്തെ കോഫി ഹൗസിലേക്ക് കയറവേ പാന്റിന്റെ പോക്കറ്റിൽ തപ്പിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട കാര്യം ഒരു ഞെട്ടലോടെ അറിഞ്ഞത്. വന്നിറങ്ങിയ തിരുവനന്തപുരം ബസ് സ്റ്റാൻഡ് വിട്ടുപോകുകയും ചെയ്തു. ഇതോടെ പഴ്സും അതിലെ പണവും തിരികെ കിട്ടില്ലെന്ന് മാത്യു ഉറപ്പിച്ചു. കോഫി ഹൗസിലെ മാനേജരോട് വിവരം പറഞ്ഞു. ഭക്ഷണവും കഴിച്ച് ഫോണിൽ നിന്ന് ഓൺലൈൻ ട്രാൻസ്ഫർ വഴി മാനേജരിൽ നിന്ന് ആയിരം രൂപയും വാങ്ങിയാണ് ഓട്ടോറിക്ഷയിൽ ബീച്ച് ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിളിയെത്തിയത്. പിന്നെ ഒട്ടുംതാമസിച്ചില്ല, അതേ ഓട്ടോയിൽതന്നെ തിരികെയെത്തി. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ സണ്ണി പോൾ പഴ്‌സ് കൈമാറി. ഇതുവരെ കണ്ടിട്ടില്ലാത്ത മനോജിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞാണ് മാത്യു മടങ്ങിയത്.