കായംകുളം : കായംകുളത്ത് ദേശീയ പാതയിലെ അടിപ്പാതയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ സമരസമിതി തടഞ്ഞു. കായംകുളം പട്ടണത്തെ രണ്ടായി വെട്ടിമുറിക്കുന്ന അശാസ്ത്രീയ ദേശീയ പാതാ നിർമ്മാണരീതി മാറ്റി തൂണിൽ തീർത്ത ഉയരപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് ജനകിയ സമര സമിതി നിർമ്മാണം തടഞ്ഞത്.
ഈ ആവശ്യം ഉന്നയിച്ച് സമരസമിതി കുറേ നാളുകളായി പ്രക്ഷോഭത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച എൽ.ഐ.സി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു. സമരസമിതി ചെയർമാൻ ആയിരത്ത് അബ്ദുൾ ഹമീദ്, അരിതാ ബാബു, കെ.പുഷ്പദാസ്, പാലമുറ്റത്ത് വിജയകുമാർ,അജീർ യൂനുസ്, ഹരിഹരൻ തുടങ്ങിയവരുടെ നേത്വത്വത്തിലാണ് നിർമ്മാണം തടഞ്ഞത്.
സമര സമിതി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ആഗസ്റ്റ് ഒന്നിന് നടക്കുന്ന മനുഷ്യമതിൽ വിജയമാക്കുന്നതിനുള്ള സർവ്വകക്ഷി കൺവെൻഷൻ ഇന്ന് വൈകിട്ട് 4.30 ന് റ്റി.എ. കൺവെൻഷൻ സെന്ററിൽ നടക്കും. എം.പി യുടെ നിവേദനത്തെ തുടർന്ന് പഠന സംഘത്തെ നിയോഗിച്ച മന്ത്രിയുടെ തീരുമാനത്തെ പോലും ദേശീയപാതാ അതോറിറ്റിയും കോൺട്രാക്ടറും വെല്ലുവിളിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു.