അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ വീട്ടമ്മയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. കായംകുളത്ത് നിന്ന് രാവിലെ 6.50ന് ആലപ്പുഴയ്ക്ക് സർവീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിൽ കുഴഞ്ഞുവീണ ഹരിപ്പാട് ചെറുതട്ടിൽ വീട്ടിൽ സുജിത്തിന്റെ ഭാര്യ അഞ്ജുവിനെയാണ് (25) ബസ് ജീവനക്കാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. യാത്രക്കാരും സഹായത്തിന് ഒപ്പമുണ്ടായിരുന്നു. രാവിലെ 7.30 ഓടെ അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോഴാണ് അഞ്ജു കുഴഞ്ഞു വീണത്. ഉടൻ തന്നെ വിവരം കണ്ടക്ടർ എച്ച്.റഷീദ് കുട്ടി ഡ്രൈവർ യു.സജിയെ അറിയിക്കുകയും പെട്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ജീവനക്കാർ യാത്രക്കാരുമായി മടങ്ങിയത്.