kaumudi-riport

ചെന്നിത്തല: മാവേലിക്കര​-മാന്നാർ സംസ്ഥാനപാതയിൽ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ കല്ലുംമൂട് ജംഗ്ഷന് വടക്കുവശം ചെന്നിത്തല മഹാത്മ സ്‌കൂളിനും അയ്യക്കശ്ശേരിൽ ക്ഷേത്രത്തിനും സമീപത്തെ റോഡിന്റെ പടിഞ്ഞാറുവശത്തെ വൃക്ഷങ്ങളിൽ ചേക്കേറിയിട്ടുള്ളത് ദേശാടനപക്ഷികളല്ലെന്നും അവ ചത്തുവീഴുന്നത് പക്ഷിപ്പനി കാരണമല്ലെന്നും വിദഗ്ദ്ധാഭിപ്രായം.

ദേശാടനപ്പക്ഷികൾ സാധാരണ കൂടുകൂട്ടുന്നത് ഹിമാലയത്തിന് വടക്കോട്ട് ഉത്തരധ്രുവ പ്രദേശം വരെയാണ്. അവിടെ തണുപ്പ് ആരംഭിക്കുന്ന സമയത്താണ് അവ ആഹാരം തേടി നമ്മുടെ നാട്ടിലേക്ക് വരുന്നത്. തുടർന്ന്, പ്രജനനത്തിനായി മാർച്ച് അവസാനത്തോടെ മടങ്ങാറാണ് പതിവ്. അതിനാൽ നമ്മുടെ നാട്ടിൽ ദേശാടനപ്പക്ഷികൾ കൂട് കൂട്ടാറില്ലെന്നാണ് കണ്ടെത്തൽ.

പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ല

1.ദേശാടനപ്പക്ഷികൾ മാർച്ച് രണ്ടാം വാരത്തോടെ തിരികെപോയിക്കഴിഞ്ഞ്, ഏപ്രിൽ രണ്ടാം വാരത്തിലാണ് പക്ഷിപ്പനി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പനിയുടെ ഉറവിടം കണ്ടെത്താൻ സർക്കാർ തലത്തിൽ പല പദ്ധതികളും ആവിഷ്കരിച്ച് വരികയാണ്

2.ദേശാടന പക്ഷികളുടെ കാഷ്ടം ശേഖരിച്ച് ലാബുകളിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി സംബന്ധിച്ച് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

അതിനാൽ, ദേശാടനപ്പക്ഷിയാണ് പക്ഷിപ്പനി കൊണ്ടുവരുന്നത് എന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ല

3. കൊക്കുകൾ, മുണ്ടികൾ, നീർകാക്കകൾ ,ചേരക്കോഴികൾ തുടങ്ങിയ നീർപക്ഷികൾ സമൂഹമായാണ് കൂടുകൂട്ടാറുള്ളത്. ജനവാസ മേഖലയിലെ ഉയർന്ന മരങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കാറുള്ളത്

4. ചുള്ളിക്കമ്പുകൾ കൊണ്ട് ഉണ്ടാകുന്ന കൂടുകളിൽ ചില സമയങ്ങളിൽ മൂന്നോ നാലോ കുഞ്ഞുങ്ങൾ വീതം ഉണ്ടാവാറുണ്ട്. അതിൽ ചിലത് താഴെ വീണ് ചത്തു പോകും. വൈറസ് ബാധയാണെങ്കിൽ അവ കൂട്ടത്തോടെയാണ് ചത്തു വീഴേണ്ടത്

എല്ലാവർഷവും ഒരേ സ്ഥലത്ത് കൂടുകൂട്ടുന്ന സ്വഭാവമുള്ള ഇത്തരം പക്ഷികൾ ദേശാടനപക്ഷികളല്ല. പക്ഷിപ്പനി പടർത്തുമെന്ന ഭീതിയും വേണ്ട

- ഹരികുമാർ മാന്നാർ, പക്ഷി നിരീക്ഷകൻ, കോട്ടയം നേച്ചർ സൊസൈറ്റി അംഗം