ആലപ്പുഴ: അപകടങ്ങൾ പതിവായ കൈതവന ജംഗ്ഷനിൽ പ്രശ്നപരിഹാരത്തിനായി ഹമ്പുകൾ സ്ഥാപിച്ചു. കൈതവന - ചന്ദനക്കാവ് പാതയിലാണ് നാല് ദിവസം മുമ്പ് ഹമ്പുകൾ സ്ഥാപിച്ചത്. നാലുവശത്ത് നിന്നും റോഡുകൾ സംഗമിക്കുന്ന കൈതവനയിൽ ജീവൻ പണയം വെച്ച് സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഒരു വശത്ത് ഹമ്പ് സ്ഥാപിച്ചതുകൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നില്ലെന്നും, മറ്റ് മൂന്ന് വശങ്ങളിലെ പാതകളിലും ഹമ്പ് സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
രണ്ടാഴ്ച മുമ്പ് ഇവിടെ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം കാറുകൾ കൂട്ടിയിടിച്ചും വാഹനയാത്രികർക്ക് പരുക്കേറ്റു. കണിയാംകുളം ഭാഗത്തുനിന്നു കൈതവനയിലേക്കു വരുന്ന വാഹനങ്ങൾക്ക് ജംഗ്ഷൻ തിരിച്ചറിയാൻ സാധിക്കാതെ എ.സി റോഡിൽ പോകുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നത് പതിവാണ്. ഇവിടെ ദിശാസൂചികകളോ, സിഗ്‌നൽ ലൈറ്റോ വേണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്.
രാത്രികാലത്ത് ജംഗ്ഷൻ അറിയില്ല
റോഡ് നവീകരണത്തിനുശേഷമാണിവിടെ അപകടങ്ങൾ ആവർത്തിക്കുന്നത്
മുമ്പ് ഇവിടെ സ്വകാര്യവ്യക്തി ബ്ലിങ്കർ ലൈറ്റ് സ്ഥാപിച്ചിരുന്നു
ഇത് എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി നീക്കി
വേഗത്തിൽവരുന്ന വാഹനങ്ങൾക്ക് രാത്രികാലത്ത് ജംഗ്ഷൻ മനസ്സിലാകില്ല
റോഡ് നേരെയാണെന്ന് കരുതി പോകുന്നതാണ് പ്രശ്‌നമാകുന്നത്
ഒരു വശത്ത് മാത്രം ഹമ്പ് സ്ഥാപിച്ചതുകൊണ്ട് അപകട സാധ്യത ഒഴിയുന്നില്ല. ബ്ലിങ്കർ ലൈറ്റുകളോ, അപകട സൂചനാ ബോർഡുകളോ കൂടി സ്ഥാപിക്കണം
- രാജശേഖരൻ, പ്രദേശവാസി